നരേന്ദ്ര ദാഭോല്‍ക്കര്‍ വധക്കേസില്‍ സതാതൻ സൻസ്ഥ പ്രവർത്തകരായ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. മൂന്നുപേരെ വെറുതെവിട്ടു. പുനെയിലെ യുഎപിഎ പ്രത്യേക കോടതിയുടേതാണ് വിധി. കൊലപാതകം നടന്ന് പത്തുവര്‍ഷവും എട്ട് മാസം കഴിഞ്ഞാണ് വിധി വന്നിരിക്കുന്നത്.
സനാതന്‍ സസ്ഥ പ്രവര്‍ത്തകരായ സച്ചിന്‍ അന്ദിരെ, ശരത് കലാസ്‌കര്‍ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇഎന്‍ടി ഡോക്ടറായ വിരേന്ദര്‍ തവാഡെ, അഭിഭാഷകന്‍ സഞ്ജീവ് പുനരേകര്‍, വിക്രം ഭാവെ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കി.
ചിന്തകനും എഴുത്തുകാരനുമായിരുന്ന ഡോ. നരേന്ദ്ര ദാഭോല്‍ക്കര്‍, 2013 ഓഗസ്റ്റ് 20-നാണ് കൊല്ലപ്പെട്ടത്. പുനെയിലെ വി ആര്‍ ഷിന്‍ഡെ ബ്രിഡ്ജില്‍ പ്രഭാതസവാരിക്കിറങ്ങിയ അദ്ദേഹത്തെ, ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിവെച്ചു വീഴ്ത്തുകയായിരുന്നു. പുനെ പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.
ഡോ. വിരേന്ദര്‍ തവാഡെയെ പ്രതിചേര്‍ത്ത് 2016-ല്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സച്ചിന്‍ അന്ദിരെ, ശരത് കലാസ്‌കര്‍ , സഞ്ജീവ് പുനരേകര്‍, വിക്രം ഭാവെ എന്നിവരെ 2019-ലും പ്രതി ചേര്‍ത്തു. ഇവരെല്ലാവരും സനാതന്‍ സൻസ്ഥയുമായി ബന്ധമുള്ളവരാണ്.
Be the first to comment