
ന്യൂഡല്‍ഹി: പരീക്ഷയുടെ സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുമായി പരീക്ഷാ പേ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ജ്ഞാനം’ (അറിവ്), പരീക്ഷ എന്നിവ രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. പരീക്ഷകളെ ജീവിതത്തിലെ എല്ലാത്തിന്റെയും അവസാനമായി കാണരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പരീക്ഷകളാണ് എല്ലാം എന്ന ആശയത്തില്‍ ഒരാള്‍ ജീവിക്കരുത്. നമുക്ക് റോബോട്ടുകളെപ്പോലെ ജീവിക്കാന്‍ കഴിയില്ല, നമ്മള്‍ മനുഷ്യരാണ്. വിദ്യാര്‍ത്ഥികള്‍ ഒതുങ്ങിക്കൂടാന്‍ പാടില്ല. ആഗ്രഹങ്ങള്‍ എത്തിപ്പിടിക്കാനുള്ള അഭിവാഞ്ഛയും സ്വാതന്ത്ര്യവും ആവശ്യമാണ്. സമയത്തെ ഫലപ്രദമായി വിനിയോഗിക്കാനും പ്രധാനമന്ത്രി കുട്ടികളെ ഉപദേശിച്ചു.
തന്റെ സ്‌കൂള്‍ പഠനകാലത്തെ ഒരു സംഭവം മോദി കുട്ടികളുമായി പങ്കിട്ടു. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍, അധ്യാപകര്‍ എന്റെ കൈയക്ഷരം മെച്ചപ്പെടുത്താന്‍ വളരെയധികം പരിശ്രമിച്ചു. അതുകൊണ്ട് അവരുടെ കൈയക്ഷരം നന്നായിട്ടുണ്ടാകാം, പക്ഷേ എന്റേത് അങ്ങനെയായിരുന്നില്ല. മോദി പറഞ്ഞു.
ഡല്‍ഹി സുന്ദര്‍ നഴ്‌സറിയില്‍ നടന്ന പരിപാടിയില്‍ 35 വിദ്യാര്‍ത്ഥികളാണ് പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികള്‍ അവനവനോട് തന്നെ മത്സരിക്കുകയും, പഴയ ഫലത്തേക്കാള്‍ കൂടുതല്‍ മികച്ച റിസള്‍ട്ട് ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യണം. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം. നല്ല ഉറക്കത്തിനും പ്രാധാന്യമുണ്ട്. ഉയര്‍ന്ന മാര്‍ക്ക് നേടിയില്ലെങ്കില്‍ ജീവിതം തകരുമെന്ന് വിദ്യാര്‍ത്ഥികള്‍ കരുതരുതെന്നും മോദി ഉപദേശിച്ചു.
മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ മാതൃകകളായി ഉപയോഗിച്ച് പൊങ്ങച്ചം കാണിക്കരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. പകരം അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയാണ് വേണ്ടത് എന്നും മാതാപിതാക്കളോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
Be the first to comment