കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ബംഗാളിൽ രാമനവമി ആഘോഷം പ്രചാരണ വിഷയമാക്കി ബിജെപി. രാമനവമി വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് രംഗത്ത് വന്നത്. ഹൗറയിൽ വിശ്വഹിന്ദു പരിഷത്തിന്‍റെ ഘോഷയാത്ര കൽക്കട്ട ഹൈക്കോടതി അനുവദിച്ചതിന് പിന്നാലെയാണ് ബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായ ഭാഷയിൽ സർക്കാരിനെ വിമർശിച്ചത്. രാമനവമി ആഘോഷങ്ങൾ ഇല്ലാതാക്കാൻ തൃണമൂൽ കോൺഗ്രസ് ആസൂത്രിത ശ്രമങ്ങൾ നടത്തിയെന്നും അതിനായി പരമാവധി പരിശ്രമിച്ചെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബാലുർഘട്ടിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
എന്നാൽ ബംഗാളിൽ വർഗീയ സംഘർഷമുണ്ടാക്കാനാണ് ബിജെപി ശ്രമമെന്നാണ് മമത ബാനർജിയുടെ ആരോപണം. കഴിഞ്ഞ വർഷമുണ്ടായ സംഘർഷങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഘോഷയാത്രക്കെതിരെ കോടതിയെ സമീപിച്ചതെന്നാണ് തൃണമൂൽ കോൺഗ്രസ് വാദം.സംഘർഷമുണ്ടായാൽ തെരഞ്ഞെടുപ്പ് കമ്മീഷനാകും ഉത്തരവാദിയെന്നുമാണ് മമത സർക്കാർ ആവർത്തിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൊൽക്കത്ത ഹൈക്കോടതി രാമനവമി ഘോഷയാത്ര നടത്താൻ വിശ്വഹിന്ദു പരിഷത്തിന് അനുമതി നൽകിയത്.
ബംഗാളിൽ ഉൾപ്പെടെ ആദ്യഘട്ടത്തിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ രാമനവമി ആഘോഷം പ്രധാന ചർച്ചയാക്കുന്നുമുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യത്തെ രാമനവമിയാണിതെന്ന് ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Be the first to comment