റയൽ-ബാഴ്‌സ എൽ ക്ലാസിക്കോ പോരാട്ടം സ്പെയിനിൽ മാത്രമല്ല, ഇന്ത്യയിലും ചര്‍ച്ചയായെന്ന് നരേന്ദ്ര മോദി

വഡോദര: ഇന്ത്യയുടെ ഫുട്ബോൾ ആവേശം ലോകത്തിന് മുമ്പില്‍ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസത്തെ റയല്‍ മാഡ്രിഡ്- ബാഴ്‌സലോണ എല്‍ ക്ലാസിക്കോ പോരാട്ടം ഇന്ത്യയിലും വലിയ ചര്‍ച്ചയായെന്ന് പ്രധാനമന്ത്രി. ഗുജറാത്തിലെ വഡോദരയില്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്‍റെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ പരാമര്‍ശം. ടാറ്റാ എയര്‍ ക്രാഫ്റ്റ് കോംപ്ലെക്‌സില്‍ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റം കോംപ്ലെക്സ് ഉദ്ഘാടനം നടത്താനെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഫുട്‌ബോളിനെ പറ്റി സംസാരിച്ചത്.

‘സ്‌പാനിഷ് ഫുട്‌ബോൾ ഇന്ത്യയിലും ഒരുപാട് ഇഷ്ടമാണ്. ഇന്നലെ റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള മത്സരത്തെ പറ്റിയുള്ള ചർച്ചകള്‍ ഇന്ത്യയിലും നടന്നു. ബാഴ്‌സലോണയുടെ മിന്നുന്ന വിജയം ഇവിടെയും വലിയ ചർച്ചാ വിഷയമായിരുന്നു. സ്പെയിനില്‍ മാത്രമല്ല ഇന്ത്യയിലും ഇരു ക്ലബ്ബിലെയും ആരാധകര്‍ തമ്മില്‍ വലിയ തര്‍ക്കങ്ങളും ചര്‍ച്ചകളുമെല്ലാം നടക്കാറുണ്ടെന്ന് പ്രസംഗത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.

ചാമ്പ്യൻസ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെ കീഴടക്കിയതിന്‍റെ ആവേശത്തില്‍ സാന്‍റിയാഗോ ബെര്‍ണബ്യൂവിലെത്തിയ ബാഴ്‌സ എതിരില്ലാത്ത നാല് ഗോളുകളുടെ ജയമാണ് സ്വന്തമാക്കിയത്. സൂപ്പര്‍ സ്ട്രൈക്കര്‍ ലെവൻഡോസ്‌കി ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ യുവതാരം ലമീൻ യമാല്‍, റാഫീഞ്ഞ എന്നിവരും ബാഴ്‌സക്കായി വലകുലുക്കി.

അതേസമയം റയലിന് വേണ്ടി കിലിയൻ എംബാപ്പെ വല കുലുക്കിയെങ്കിലും ഓഫ് സൈഡായതിനാൽ ഗോൾ അനുവദിച്ചില്ല. 2024-25 സീസൺ ലാ ലിഗയിൽ ഇക്കുറി കിടിലൻ ഫോമിലാണ് ഹാൻസി ഫ്ലിക്ക് പരിശീലിപ്പിക്കുന്ന ബാഴ്‌സ. 2023നുശേഷം ആദ്യമായാണ് എല്‍ ക്ലാസിക്കോയില്‍ റയലിനെ ബാഴ്‌സ വീഴ്ത്തുന്നത്. അടുത്ത മാസം മൂന്നാം തീയതിയാണ് ക്ലബ്ബിന്‍റെ അടുത്ത പോരാട്ടം.

 

Be the first to comment

Leave a Reply

Your email address will not be published.


*