ദേശീയ ബാലികാ ദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒൻപത് പദ്ധതികൾ സാക്ഷാത്കരിച്ചു. പോഷ് കംപ്ലയൻസ് പോർട്ടൽ ഉദ്ഘാടനം, ലിംഗാവബോധ വീഡിയോ പ്രകാശനം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലുള്ള സംവിധാനങ്ങൾ സംബന്ധിച്ച ഇൻഫർമേഷൻ ബോർഡ് പ്രകാശനം, ഉണർവ് പദ്ധതി പ്രഖ്യാപനം, പോക്സോ സർവൈവേഴ്സ് പ്രൈമറി അസസ്മെന്റ് പ്രോജക്ട് പ്രഖ്യാപനം, പോസ്റ്റ് പാർട്ടം ഡിപ്രഷൻ സാധ്യതാ പഠന പ്രഖ്യാപനം, കുട്ടികളിലെ ലിംഗാനുപാതത്തിലെ കുറവ് സംബന്ധിച്ച പഠന പ്രഖ്യാപനം, നേരത്തെയുള്ള വിവാഹങ്ങളെ സംബന്ധിച്ച പഠനത്തിന്റെ പ്രഖ്യാപനം, സിറ്റുവേഷണൽ അനാലിസിസ് ഓഫ് വിമൻ ഇൻ കേരള എന്ന വിഷയം സംബന്ധിച്ച പഠനത്തിന്റെ പ്രഖ്യാപനം എന്നിവ കോട്ടൺഹിൽ ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
പെൺകുട്ടികൾക്ക് വീടുകളിലും സ്കൂളുകളിലും പൊതുയിടങ്ങളിലും തങ്ങളുടേതായ ഇടം ഉണ്ടാകണമെന്ന് ബാലികാ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി വീണാ ജോർജ് പറഞ്ഞു. ജെൻഡർ ഇൻക്ലൂസീവ്നെസ് ലക്ഷ്യമിട്ടും സ്ത്രീധനത്തിന് എതിരായും സംസ്ഥാന സർക്കാർ നടത്തുന്ന പദ്ധതികൾ മന്ത്രി വിദ്യാർഥിനികളോട് വിശദീകരിച്ചു.
സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.സി റോസക്കുട്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർ രാഖി രവികുമാർ, സ്കൂൾ പ്രിൻസിപ്പൽ വി. ഗ്രീഷ്മ, പ്രധാനാധ്യാപകൻ വി രാജേഷ് ബാബു, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക ജി തുടങ്ങിയവർ സംസാരിച്ചു.
പെൺകുട്ടികൾ നേരിടുന്ന അസമത്വവും ലിംഗവിവേചനവും ഇല്ലാതാക്കി അവർക്കു സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുവാനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും സമൂഹത്തെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് വർഷം തോറും ജനുവരി 24 ദേശീയ ബാലിക ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിര ഗാന്ധി അധികാരമേറ്റത് 1966 ജനുവരി 24 നായതിനാൽ, അതെദിവസം തന്നെയാണ് വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിൻറെ നിർദ്ദേശാനുസരണം 2008 മുതൽ ജനുവരി 24 ദേശീയ ബാലികദിനമായിആഘോഷിക്കുന്നത്.
സമൂഹത്തിനു പെൺകുട്ടികളോടുള്ള വിവേചനപരമായ സമീപനം മാറ്റിയെടുക്കുക, ലിംഗവിവേചനമില്ലാതെ പെൺകുട്ടികൾക്കും വിദ്യാഭ്യാസംനൽകുക, പെൺ ഭ്രൂണഹത്യ ഇല്ലാതാക്കുക, കുറഞ്ഞുവരുന്ന സ്ത്രീ പുരുഷ അനുപാതത്തിന്റെ ദോഷങ്ങളെക്കുറിച്ചു അവബോധം ഉണ്ടാക്കുകതുടങ്ങിയ പ്രായോഗിക ബോധവത്കരണ പരിപാടികൾ നടപ്പാക്കുന്നതിനാണ് ഈ ദിനാചരണത്തിലൂടെ കേന്ദ്ര വനിതാ ശിശു സംരക്ഷണമന്ത്രാലയം ലക്ഷ്യം വയ്ക്കുന്നത്.
Be the first to comment