കുട്ടികളെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തുന്നു; ബൈജൂസിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍  രംഗത്ത്. ബൈജൂസ് ആപ്പ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണ്‍ നമ്പറുകള്‍ വാങ്ങി ശല്യപ്പെടുത്തുകയും കോഴ്സുകള്‍ വാങ്ങിയില്ലെങ്കില്‍ കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ദേശീയ ബാലാവകാശ കമ്മീഷൻ പറഞ്ഞു.

‘ബൈജൂസ് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ഫോണ്‍ നമ്പറുകള്‍ വാങ്ങുകയും അവരെ നിരന്തരം വിളിക്കുകയും കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ഞങ്ങള്‍ മനസിലാക്കുന്നു. ഇതില്‍ നടപടിയെടുക്കുകയും, ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് നല്‍കുകയും ചെയ്യും’ ദേശീയ ബാലാവകാശ കമ്മീഷൻ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ബൈജൂസിന്റെ സെയില്‍സ് ടീം തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും കോഴ്സ്‌കള്‍ വിറ്റഴിച്ചെന്ന പരാതിയില്‍ ഡിസംബര്‍ 23 ന് ബൈജൂസ് സിഇഒ ബൈജു രവീന്ദ്രനോട് നേരിട്ട് ഹാജരാകാനും ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ സമന്‍സ് അയച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*