
ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസനയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്. വിദ്യാഭ്യാസ വിചക്ഷണന്‍മാരുമായോ സംസ്ഥാനങ്ങളുമായോ കൂടിയാലോചനകള്‍ നടത്താതെ അവര്‍ പുതിയ നയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസ നയം മാറ്റം ഗൗരവമേറിയ ഒരു വിഷയമാണ്. മുഴുവന്‍ വിദ്യാഭ്യാസ സംവിധാനത്തെയും കാവിവത്ക്കരിക്കാനാണ് അവരുടെ ശ്രമം. തമിഴ്‌നാട് എന്നും ത്രിഭാഷ നയത്തെ എതിര്‍ക്കുന്നവരാണ്. എന്നാല്‍ അവരുടെ പോലും അഭിപ്രായം തേടാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
പുത്തന്‍ വിദ്യാഭ്യാസ നയത്തിനെതിരെ ദ്രാവിഡ മുന്നേട്ര കഴകം(ഡിഎംകെ) നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങളും ഇക്കാര്യത്തില്‍ ഡിഎംകെയെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡിഎംകെ ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുന്നു. പ്രത്യേകിച്ച് ത്രിഭാഷാ നയത്തെ ഇത് തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണെന്ന് അവര്‍ വിലയിരുത്തുന്നു.
തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ വിശ്വാസിക്കാന്‍ കൊള്ളാത്തവരും തമിഴ്‌നാട്ടുകാര്‍ സംസ്‌കാര ശൂന്യരുമാണെന്ന ധര്‍മ്മേന്ദ്രപ്രഥാന്‍റെ പരാമര്‍ശം കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ വലിയ വാഗ്വാദത്തിന് വഴി വച്ചിരുന്നു. ധര്‍മ്മേന്ദ്ര പ്രഥാന്‍ ധിക്കാരിയാണെന്നും അദ്ദേഹം തമിഴ്‌ജനതയെ അവഹേളിച്ചിരിക്കുന്നുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആരോപിച്ചു. അദ്ദേഹം ധിക്കാരികളുടെ രാജാവിനെ പോലെ പെരുമാറുന്നെന്നും തമിഴ്‌ജനതയെ അവഹേളിച്ച അദ്ദേഹം മര്യാദ കാട്ടണമെന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.
തമിഴ്‌നാട് ആദ്യം ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാമെന്ന് സമ്മതിച്ചിരുന്നതാണെന്ന് പ്രഥാന്‍ ചോദ്യോത്തര വേളയില്‍ ലോക്‌സഭയില്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഇതില്‍ നിന്ന് പിന്നാക്കം പോകുകയായിരുന്നു. തുടര്‍ന്ന് ഡിഎംകെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തി വയ്ക്കേണ്ടി വന്നു. ഇന്ന് കറുപ്പണിഞ്ഞാണ് ഡിഎംകെ അംഗങ്ങള്‍ സഭയിലെത്തിയത്. തമിഴ്‌നാട്ടിലെ സര്‍ക്കാരിന് അവിടുത്തെ കുട്ടികളോട് യാതൊരു പ്രതിബദ്ധതയുമില്ലെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തി. തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികളുടെ ഭാവി അവര്‍ നശിപ്പിക്കുകയാണ്. ഭാഷാ അതിരുകള്‍ സൃഷ്‌ടിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. അവര്‍ രാഷ്‌ട്രീയം കളിക്കുകയാണ്. അവര്‍ ജനാധിപത്യ വിരുദ്ധരും സാംസ്‌കാര ശൂന്യരുമാണെന്നും പ്രഥാന്‍ ആരോപിച്ചു.
Be the first to comment