കാല്‍നടയായി രാഹുല്‍ഗാന്ധി ഇ ഡി ഓഫീസില്‍; അനുഗമിച്ച് പ്രിയങ്കയും നേതാക്കളും

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍  ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ഓഫീസില്‍ എത്തി. കാല്‍നടയായിട്ടാണ് രാഹുല്‍ ഇ ഡി ഓഫീസിലേക്കെത്തിയത്. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ രാഹുലിനെ അനുഗമിച്ചു. നൂറുകണക്കിന് പ്രവർത്തകരും രാഹുലിനെ അനുഗമിച്ചു.പ്രകടനമായി പോകുന്നത് ഡൽഹി പൊലീസ് വിലക്കിയിരുന്നു. പ്രകടനമായി പോകുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയെ തുടര്‍ന്ന് അക്ബര്‍ റോഡ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബാരിക്കേഡുകള്‍ അടക്കം പൊലീസ് സ്ഥാപിച്ചു. എന്നാല്‍ പൊലീസ് നിയന്ത്രണം വകവെക്കാതെ നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും രാഹുലിന് പിന്തുണയായി സ്ഥലത്ത് എത്തിയിരുന്നു. തർക്കത്തിനിടെ കെ സി വേണുഗോപാൽ തളർന്നുവീണുവെന്നാണ് റിപ്പോർട്ട്. ഇവിടെ എത്തിയ കോണ്‍ഗ്രസ് നിരവധി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിലേക്ക് മാറ്റി. ഇല്ലാത്ത കേസ് ഉണ്ടാക്കി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ പറ‍ഞ്ഞു. പൊലീസ് സംഘർഷാവസ്ഥ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. രാഹുൽ​ഗാന്ധി ചോദ്യം ചെയ്യലിന് ശേഷം പുറത്തു വരുന്നതു വരെ ഇ ഡി ഓഫീസിന് മുന്നിൽ സത്യ​ഗ്രഹസമരം നടത്തുമെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*