ദേശീയ സീനിയർ ഫെഡറേഷൻ കപ്പ്; ആർക്കും ഒളിമ്പിക്സ് യോഗ്യതയില്ല, മരിയക്കും അനസിനും വെങ്കലം

ഭുവനേശ്വർ: ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക് മീറ്റിന്റെ മൂന്നാംദിനവും ആർക്കും ഒളിമ്പിക്സ് യോഗ്യത ഉറപ്പിക്കാനായില്ല. പുരുഷ ഷോട്ട്പുട്ടിൽ ഒളിമ്പിക് യോഗ്യത നേടുമെന്ന് കരുതപ്പെട്ടിരുന്ന തജിന്ദർപാൽസിങ് ടൂർ 20.38 മീറ്റർ ദൂരം മറികടന്നു. 21.50 മീറ്ററായിരുന്നു ഈയിനത്തിലെ ഒളിമ്പിക് യോഗ്യത. വനിതാ പോൾവോൾട്ടിൽ മരിയ ജെയ്‌സണും പുരുഷ ലോങ്ജമ്പിൽ മുഹമ്മദ് അനസ് യഹിയയും വെങ്കലം നേടിയത് ചൊവ്വാഴ്ച കേരളത്തിന് ആശ്വാസമായി. 3.90 മീറ്റർ മറികടന്നാണ് മരിയ വെങ്കലം നേടിയത്.

നിലവിലെ ചാമ്പ്യനായ തമിഴ്‌നാടിന്റെ റോസി മീന പോൾരാജ് സ്വർണം (4.05) നിലനിർത്തി. മറ്റൊരു തമിഴ്‌നാട് താരം ഭരണിക ഇളങ്കോവൻ (4.00) വെള്ളി നേടി. ലോങ്ജമ്പിൽ 7.81 മീറ്റർ ചാടിയാണ് അനസിന്റെ നേട്ടം. തമിഴ്‌നാടിന്റെ ജെസ്വിൻ ആൽഡ്രിൻ സ്വർണവും (7.99 മീറ്റർ) കർണാടകയുടെ ആര്യ എസ് (7.83 ) വെള്ളിയും നേടി. ഈയിനത്തിൽ 8.27 മീറ്ററായിരുന്നു ഒളിമ്പിക് യോഗ്യതാമാർക്ക്. പുരുഷന്മാരുടെ ഹാമർത്രോയിൽ പഞ്ചാബിൻറെ ധമനീത് സിങ് (66.28 മീറ്റർ) സ്വർണവും ഹരിയാനയുടെ ആശിഷ് ഝാക്കർ (66.24 മീറ്റർ) വെള്ളിയും നേടി.

Be the first to comment

Leave a Reply

Your email address will not be published.


*