കോട്ടയത്ത് ഹാൻസ് വേട്ട; ഹരിയാന സ്വദേശി അറസ്റ്റിൽ

കോട്ടയം: നഗരത്തിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തി വന്നിരുന്ന ഹരിയാന സ്വദേശി പിടിയിൽ. കോട്ടയം മൂലേടത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദേവേന്ദർ സിങ്ങിനെയാണ് (40) കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.വൈ. ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 20 കിലോയോളം വരുന്ന നൂറുകണക്കിന് ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തു. ഇതിന് മൂന്നു ലക്ഷം രൂപ വിപണി വില കണക്കാക്കുന്നതായി എക്സൈസ് പറഞ്ഞു.

അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കോളനികളിലും ലേബർ ക്യാമ്പുകളിലും ഇയാൾ നിരോധിത പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. കോട്ടയം നഗരത്തിൽ ഇയാൾ പാൻ ഷോപ് നടത്തി വരുകയായിരുന്നു. എക്സൈസ് സംഘം ഇവിടെ ആവശ്യ ക്കാരായി എത്തുകയും ആളറിയാതെ ഇയാൾ ഇവർക്ക് ഹാൻസ് കൈമാറുകയായിരുന്നു. പ്രതിയുടെ പാൻ ഷോപ്പിൽനിന്നും താമസ സ്ഥലത്തുനിന്നുമാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ഇയാൾ ബംഗളൂരുവിൽനിന്ന് ചെറിയ വിലയിൽ പുകയില ഉൽപന്നങ്ങൾ വാങ്ങി വൻ ലാഭത്തിന് കോട്ടയം ടൗണിൽ വിൽപന നടത്തി വരുകയായിരുന്നുവെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അസി. എക്സൈസ് ഇൻസ്പെക്ടർ ടി. സബിൻ, പ്രിവന്റിവ് ഓഫിസർമാരായ ആർ.കെ. രാജീവ്, മനോജ് കുമാർ, സി. കണ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ രതീഷ് കെ. നാണു, എസ്. ശ്യാംകുമാർ, ലാലു തങ്കച്ചൻ, കെ.ജി. അമ്പിളി, പി.വി. സോണിയ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*