
കോട്ടയം: നാട്ടകം കുടിവെള്ള പദ്ധതി എത്രയും വേഗം പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയുമായി നടത്തിയ കൂടി കാഴ്ചയിൽ മന്ത്രി ഉറപ്പ് നൽകിയതായി കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.
കോട്ടയം നഗരസഭയിലെ നാട്ടകം പ്രദേശത്തെ 30 മുതൽ 44 വരെയുള്ള 15 വാർഡുകളിലെ ആറായിരത്തോളം വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുൻകൈ എടുത്ത് 2016 ൽ ആരംഭിച്ചതാണ് നാട്ടകം കുടിവെള്ള പദ്ധതി. കിഫ്ബി പദ്ധതി പ്രകാരമുള്ള 21 കോടി രൂപയുടെ പദ്ധതി ആയിരുന്നു ഇത്.
ആദ്യഘട്ടത്തിൽ 12 കോടി ചെലവ് ചെയ്ത് വെള്ളൂപ്പറമ്പ് പമ്പിങ്ങ് സ്റ്റേഷൻ മുതൽ സംസ്ഥാന ജില്ലാ റോഡുകളുടെ അതിർത്തിവരെ പൈപ്പുകൾ സ്ഥാപിച്ചും മറിയപള്ളി ഓവർഹെഡ് ടാങ്കിൻ്റെ ക്ഷമത 7 ലക്ഷം ലിറ്ററിൽ നിന്നും 13 ലക്ഷം ലിറ്റർ ആയി ഉയത്തിയും 90 ശതമാനം പണികൾ പൂർത്തിയാക്കി.
2020 മുതൽ കോട്ടയം കളക്ട്രേറ്റ് മുതൽ കഞ്ഞിക്കുഴി, മണിപ്പുഴ മുതൽ മറിയപള്ളി ,മറിയ പള്ളി മുതൽ കോടി മത എന്നിങ്ങനെയുള്ള 4 കിലോ മീറ്റർ നീളം പൈപ്പ് ഇടാൻ ദേശിയ പാത അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും അനുമതി നൽകിയില്ല. മറ്റ് പണികൾ പൂർത്തീകരിച്ചതിനു ശേഷം 2022 ൽ അനുമതി നൽകാൻ ആവശ്യപ്പെട്ടങ്കിലും ദേശീയപാത അധികൃതർ അനുമതി നൽകിയില്ല.ഇതിനെ തുടർന്ന് പദ്ധതി പൂർണ്ണമായും മുടങ്ങി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യും, കേരളാ വാട്ടർ അതോറിറ്റിയും കോട്ടയം നഗരസഭയും, ആക്ഷൻ കൗൺസിലും നിരന്തരം ഇക്കാര്യത്തിൽ ഇടപെട്ടെങ്കിലും അനുമതി നൽകിയിരുന്നില്ല. ഇതേ തുടർന്ന് എം.എൽ.എ യുടെയും ആക്ഷൻ കൗൺസിലിൻ്റെയും ആവശ്യപ്രകാരമാണ് ഫ്രാൻസിസ് ജോർജ് എം.പി. കേന്ദ്രമന്തിയുമായി കൂടിക്കാഴ്ച നടത്തിയത്.
കുടിവെള്ള പദ്ധതിക്ക് അനുമതി നൽകാത്ത ദേശീയ പാത അധികാരികൾ 2024 ൽ സ്വകാര്യ കമ്പനിക്ക് എം.സി. റോഡിൽ മറിയ പള്ളി മുതൽ കോടി മത വരെയുള്ള ഭാഗത്ത് സ്വകാര്യ കമ്പനിക്ക് ഭൂഗർഭ കേബിൾ ഇടാൻ അനുമതി നൽകിയിരുന്നു. ഈ ഭാഗത്ത് കൂടി തന്നെയാണ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടത്. കേന്ദ്രമന്ത്രിയുടെ നിർദ്ദേശപ്രകാരം ദേശീയപാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതിന് ശേഷം പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുമതി നൽകുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.
Be the first to comment