യാത്രക്കാർ കൈയൊഴിയുന്നു; രണ്ട് ദിവസമായി സര്‍വീസ് മുടങ്ങി നവകേരള ബസ്

പ്രതീക്ഷിച്ചതു പോലെ സര്‍വീസ് നടപ്പാക്കാന്‍ സാധിക്കാതെ നവകേരള ബസ്. രണ്ട് ദിവസമായി യാത്ര ചെയ്യാന്‍ ആളില്ലാത്തതിനാൽ നവകേരള ബസിൻ്റെ സർവീസ് മുടങ്ങിയിരിക്കുകയാണ്. കോഴിക്കോട്-ബെംഗളൂരു റൂട്ടിലെ ഗരുഡ പ്രീമിയം ബസാണ് ആളില്ലാത്തതിന്റെ പേരില്‍ ഇന്നലെയും ഇന്നും സര്‍വീസ് നിര്‍ത്തിയത്.

യാത്രക്കാരില്ലാത്തതിനാല്‍ തന്നെ ബസിന്റെ വരുമാനവും കുറഞ്ഞ് വരികയാണ്. ഈ തിങ്കളാഴ്ച 55000 രൂപ വരുമാനം ലഭിച്ചപ്പോള്‍ ചൊവ്വാഴ്ച അത് 14000 ആയി കുറഞ്ഞു. എന്നാല്‍ ഇന്നലെയും ഇന്നും ബുക്കിങ് ഇല്ലാത്തതിനാല്‍ സര്‍വീസ് നിര്‍ത്തിവെക്കുകയും ചെയ്തു. അതേസമയം, നാളെയും വരും ദിവസങ്ങളിലും കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കും അവിടെ നിന്ന് തിരിച്ചും ബുക്കിങ് ഉള്ളതിനാല്‍ ബസ് സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

ബസ് സര്‍വീസ് തുടങ്ങിയ ശേഷം യാത്രക്കാര്‍ കുറയുന്നത് ഇതാദ്യമായാണ്. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം മെയ് അഞ്ച് മുതലാണ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തി തുടങ്ങിയത്. 26 സീറ്റുകളാണ് ബസില്‍ സജ്ജീകരിച്ചത്. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ക്രമീകരിക്കാന്‍ സാധിക്കുന്ന ഹൈഡ്രോളിക് ലിഫ്റ്റും ബസില്‍ ക്രമീകരിച്ചിട്ടുണ്ട്. ശുചിമുറി, വാഷ്‌ബേസിന്‍, ടി വി, മ്യൂസിക് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളുണ്ടായിട്ടും നവകേരള ബസിന് യാത്രക്കാരെ ആകര്‍ഷിക്കാന്‍ സാധിച്ചിരുന്നില്ല.

Be the first to comment

Leave a Reply

Your email address will not be published.


*