തിരുവനന്തപുരം: നവകേരള സദസിൻ്റെ ഭാഗമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്തെ മന്ത്രിസഭ ഒന്നാകെ സഞ്ചരിക്കാന്‍ ഉപയോഗിച്ച നവകേരള ബസ് പൊളിച്ചു പണിയുന്നു. ബസിൻ്റെ ടോയ്‌ലറ്റ് ഒഴിവാക്കി സീറ്റിങ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ബെംഗളൂരിലെ ബസ് കമ്പനി വര്‍ക്ക്‌ഷോപ്പില്‍ പൊളിച്ചു പണിയുന്നതെന്ന് കെഎസ്ആര്‍ടിസി ടെക്‌നിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
25 സീറ്റാണ് നിലവില്‍ ബസിനുള്ളത്. ഇത് 38 ആക്കി വര്‍ധിപ്പിക്കാനാണ് അറ്റകുറ്റപ്പണി. നിലവില്‍ സര്‍വീസിലുള്ള കെഎസ്ആര്‍ടിസിയുടെ ഏറ്റവും വലിയ ബസായ സ്‌കാനിയയുടെ സീറ്റിങ് കപ്പാസിറ്റി 36 മുതലാണ് ആരംഭിക്കുന്നത്. എന്നാല്‍ സ്‌കാനിയയുടെ അത്രയും നീളമില്ലാത്ത നവകേരള ബസില്‍ ടോയ്‌ലറ്റ് ഭാഗം ഒഴിവാക്കി സീറ്റിങ് കപ്പാസിറ്റി വര്‍ധിപ്പിച്ചു കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്.
നവകേരള സദസിന് ശേഷം ബസ് സര്‍വീസ് തുടങ്ങുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി ഇരിക്കാന്‍ ഉപയോഗിച്ച സീറ്റ് ഡബിള്‍ സീറ്റാക്കി മാറ്റിയിരുന്നു. കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍ ഗരുഡ പ്രീമിയം എന്ന പേരില്‍ സര്‍വീസ് നടത്തിയിരുന്ന ബസില്‍ യാത്രക്കാര്‍ കുറവാണെന്ന വാര്‍ത്തകളും മുന്‍പ് പുറത്തുവന്നിരുന്നു. എയര്‍കണ്ടീഷന്‍ഡ് 26 പുഷ്ബാക്ക് സീറ്റുള്ള നവകേരള ബസ് അടിമുടി രൂപമാറ്റം വരുത്തിയ ശേഷമായിരുന്നു കെഎസ്ആര്‍ടിസി സര്‍വീസിനായി നിരത്തിലിറക്കിയത്.
ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിന്‍, ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാര്‍ജര്‍, ലെഗേജ് കാര്യര്‍ സംവിധാനങ്ങളായിരുന്നു ബസിനുള്ളത്. സീറ്റ് വര്‍ധിപ്പിക്കാന്‍ ഇപ്പോള്‍ നടത്തുന്ന അറ്റകുറ്റ പണിയില്‍ വേറെന്തൊക്കെ മാറ്റങ്ങള്‍ വരുത്തുമെന്ന് കെഎസ്ആര്‍ടിസി ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ബസ് സര്‍വീസുകള്‍ ലാഭകരമാക്കാന്‍ ജീവനക്കാരില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടുമെന്ന ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ പ്രഖ്യാപനത്തിന് ശേഷം നവകേരള ബസ് കോഴിക്കോട് – തിരുവനന്തപുരം റൂട്ടില്‍ ഓടുക, ശുചിമുറി ഒഴിവാക്കുക, കൂടുതല്‍ സീറ്റുകള്‍ ഉള്‍പ്പെടുത്തുക എന്നീ നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ മന്ത്രിയുടെ ഓഫിസുമായി പങ്കുവച്ചെന്നാണ് വിവരം.
1.25 കോടി രൂപയുടെ ബസ് ജുലൈ 21 ന് ശേഷം അറ്റകുറ്റ പണികളുടെ പേരില്‍ സര്‍വിസ് നടത്തിയിരുന്നില്ലെന്ന് കെഎസ്ആര്‍ടിസിയിലെ ഇഡി വിഭാഗത്തിലെ ചിലര്‍ അറിയിച്ചു. അറ്റകുറ്റപ്പണി വൈകുകയും ബസ് കോഴിക്കോടുള്ള റീജയണല്‍ വര്‍ക്ക് ഷോപ്പില്‍ തുടരുകയും ചെയ്യുന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് ബെംഗളൂരിലെ കമ്പനി വര്‍ക്ക്‌ഷോപ്പിലെത്തിച്ച് പണി തുടങ്ങിയിരിക്കുന്നത്.
Be the first to comment