അതിരമ്പുഴ: ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനും വ്യത്യസ്ത മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും ഉദ്ദേശിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിമാർ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന “നവകേരള സദസ്സി ” ൻ്റെ അതിരമ്പുഴ പഞ്ചായത്ത് തല സംഘാടക സമിതി രൂപികരിച്ചു.
അതിരമ്പുഴ അൽഫോൻസ ഹാളിൽ നടന്ന സംഘാടക സമിതി രൂപികരണയോഗം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യാ രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയിംസ് കുര്യൻ അദ്ധ്യക്ഷനായിരുന്നു. നവ കേരള സദസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കൺവീനർ കെ എൻ വേണുഗോപാൽ വിഷയാവതരണം നടത്തി. ഏറ്റുമാനൂർ ബ്ലോക് ഡവലപ്മെൻ്റ് ഓഫീസർ രാഹുൽ ജി കൃഷ്ണ, അമലഗിരി ബി കെ കോളേജ് പ്രിൻസിപ്പാൾ മിനി തോമസ്, വാർഡ് മെമ്പർമാരായ ബേബിനാസ് അജാസ്, ജോഷി ഇലഞ്ഞിയിൽ, ജോസ് അഞ്ജലി, അമ്പിളി പ്രദീപ്, അതിരമ്പുഴ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജോയിസ് ആൻഡ്രൂസ്, പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡൻറ് ജോസ് ഓലപ്പുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി മാത്യു സ്വാഗതവും അതിരമ്പുഴ കൃഷി ഓഫീസർ ഡോ.ഐറിൻ എലിസബത്ത് കൃതജ്ഞതയും പറഞ്ഞു.
നവകേരള സദസിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിമാർ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും നവംബർ 18 മുതൽ ഡിസംബർ 24 വരെ ഔദ്യോദിഗികമായി പര്യടനം നടത്തും. സർക്കാർ ജനങ്ങൾക്കരികിലേക്ക് എത്തുന്ന പുതുമയാർന്ന പരിപാടിയിൽ നാനാമേഖലയിലുളളവരുമായുളള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലാടിസ്ഥാനത്തിൽ ജനങ്ങളുടെ വലിയ കൂട്ടായ്മയുമാണ് നവകേരള സദസ് ലക്ഷ്യം വെക്കുന്നത്.
ഏറ്റുമാനൂർ അസംബ്ലി മണ്ഡലത്തിലെ ബഹുജനസദസ്സ് 2023 ഡിസംബർ 13 ബുധനാഴ്ച രാവിലെ 10 നാണ് നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയിംസ് കുര്യൻ ചെയർമാനായും അതിരമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി മാത്യു കൺവീനറായും പഞ്ചായത്ത്തല സംഘാടകസമിതി രൂപികരിച്ചു.
Be the first to comment