നവീന്‍ ബാബുവിൻ്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

എറണാകുളം: കണ്ണൂർ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിൻ്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക.

സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിൻ്റെ ഭാര്യ കെ മഞ്ജുഷയാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. വസ്‌തുതകള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് അപ്പീലിലെ പ്രധാന വാദം.

സിംഗിള്‍ ബെഞ്ചിൻ്റെ വിധിയില്‍ പിഴവുകളുണ്ട്. ഭരണകക്ഷി നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ ആളാണ് പ്രതിസ്ഥാനത്ത്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്നും അപ്പീലിൽ ആരോപിക്കുന്നു.

അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമേ സിബിഐ അന്വേഷണം ആവശ്യമുള്ളൂവെന്നായിരുന്നു ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെയും ഇൻക്വസ്റ്റ് റിപ്പോർട്ടിലെയും വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കുടുംബം വാദങ്ങൾ നിരത്തിയത്.

പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് ജില്ലാ കലക്‌ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം പരിഗണിച്ചില്ല. കഴുത്തില്‍ പാടുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതില്ല. വിവരാവകാശ അപേക്ഷകള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.

അന്വേഷണം നടക്കുമ്പോള്‍ തന്നെ പുതിയ സ്ഥാനത്തേക്ക് പ്രതിയായ പിപി ദിവ്യയെ നിയമിച്ചു. ഇതിന്‍റെ അര്‍ഥം പ്രതിയെ സര്‍ക്കാര്‍ സംരക്ഷിക്കും എന്ന് തന്നെയാണെന്നും നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയിൽ വാദമുന്നയിച്ചിരുന്നു. കേസിൽ സിബിഐ അന്വേഷണം അനിവാര്യമാണ് എന്ന് തന്നെയാണ് കെ മഞ്ജുഷയുടെ അപ്പീലിലെ വാദം.

നവീൻ ബാബുവിൻ്റെ യാത്രയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു. യാത്രയപ്പ് ദിനത്തിൽ ദിവ്യ നടത്തിയ പ്രസംഗത്തിൻ്റെ വീഡിയോ പുറത്ത് വന്നിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*