നവീൻ ബാബുവിൻ്റെ ആത്മഹത്യ;’കണ്ണൂർ കലക്‌ടറുടെയടക്കം പങ്ക് അന്വേഷിക്കണമെന്ന് വി മുരളീധരൻ

പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ ജില്ലാ കലക്‌ടറുടെ അടക്കം പങ്ക് അന്വേഷണവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരനെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു. 

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പിപി ദിവ്യ സ്ഥാനമൊഴിഞ്ഞത് കൊണ്ടോ അവരെ സ്ഥാനം മാറ്റിയതുകൊണ്ടോ പ്രശ്‌നം അവസാനിക്കുന്നില്ല. ഭാരതീയ നാഗരിക് ന്യായ സംഹിത 108-ാം വകുപ്പനുസരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ കേസെടുക്കണം. നവീൻ ബാബുവിനെ കരിവാരിത്തേക്കാൻ ശ്രമിച്ച മെഡിക്കൽ കോളജ് ജീവനക്കാരന് പെട്രോൾ പമ്പിന് അപേക്ഷിക്കാനുള്ള വരുമാനം എവിടെ നിന്നുണ്ടായി എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.

നവീൻ ബാബുവിൻ്റെ യാത്രയയപ്പുമായി ബന്ധപ്പെട്ട് ധാരളം ദുരൂഹതകൾ ഉണ്ടെന്ന് കുടുംബത്തിനടക്കം ബോധ്യപ്പെട്ടിട്ടുണ്ട്. നവീൻ ബാബുവിന് താത്‌പര്യമില്ലാതിരുന്നിട്ടും യാത്രയയപ്പ് സംഘടിപ്പിക്കുകയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് എത്തിച്ചേരാൻ സൗകര്യമൊരുക്കാൻ ചടങ്ങിൻ്റെ സമയം പുനക്രമീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

കലക്‌ടറുടെ ഓഫിസിൽ അനുവാദമില്ലാതെ മാധ്യമപ്രവർത്തകർക്കും കടന്നു ചെല്ലാൻ കഴിയില്ലെന്നിരിക്കെ ഇത്തരമൊരു ചടങ്ങിൽ മാധ്യമ പ്രവർത്തകൻ എന്ന് പറയപ്പെടുന്നയാൾ കടന്ന് ചെന്ന് എഡിഎമ്മിനെ അവഹേളിക്കുന്ന രംഗമടക്കം ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചതും ആസുത്രിതമാണെന്ന് വി മുരളീധരൻ ആരോപിച്ചു. കണ്ണൂർ കലക്‌ടറെ ചുമതലയിൽ നിന്ന് മാറ്റിനിർത്തി നീതിപൂർവ്വകമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Be the first to comment

Leave a Reply

Your email address will not be published.


*