തിരുവനന്തപുരം: നവീന്‍ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പിപി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിച്ച അദ്ദേഹത്തിന്‍റെ വിധവ മഞ്ജുഷയുടെ വാക്കുകള്‍ വൈകാരിക ആയുധമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്‌റ്റ്.
‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ തീര്‍ച്ചയായും അറസ്‌റ്റ് ചെയ്യണം. അതിന് ഏതറ്റം വരേയും പോകും’ -നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെ ഈ വാക്കുകള്‍ മനസാക്ഷിയുള്ളവരുടെ ഹൃദയത്തിലാണ് തറയ്ക്കുന്നതെന്ന വരികളോടെയാണ് സതീശന്‍റെ ഫേസ്ബുക്ക് പോസ്‌റ്റ് ആരംഭിക്കുന്നത്.
ഭര്‍ത്താവ് നഷ്‌ടപ്പെട്ട ഭാര്യയേയും അച്ഛന്‍ നഷ്‌ടപ്പെട്ട രണ്ട് പെണ്‍കുട്ടികളേയും ഇനിയും സര്‍ക്കാര്‍ ഇരുട്ടില്‍ നിര്‍ത്തരുത്. സിപിഎമ്മിന് നീതിബോധം ഇല്ലായിരിക്കും. പക്ഷേ പൊതുസമൂഹം നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നു. ഇരയ്‌ക്കൊപ്പം എന്ന് പറയുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നെറികെട്ട രീതി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ഫേസ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത കുറിപ്പല്‍ സതീശന്‍ ആവശ്യപ്പെട്ടു.
ഇന്ന് പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി എംബി രാജേഷിന്‍റെ ആരോപണങ്ങള്‍ക്കും സതീശന്‍ മറുപടി നല്‍കി. താന്‍ ഉപജാപകസംഘത്തിന്‍റെ രാജകുമാരനാണെന്നാണ് എംബി രാജേഷ് പറഞ്ഞത്. വാളയാറില്‍ ഒന്‍പതും പതിമൂന്നും വയസുള്ള രണ്ടു പെണ്‍കുട്ടികളെ കൊന്ന് കെട്ടിത്തൂക്കിയതിന് പിന്നിലെ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി ഒരു ഉപജാപകം നടന്നിട്ടുണ്ട്.
ആ ഉപജാപത്തെ കുറിച്ച് ഓര്‍ത്താണ് എംബി രാജേഷ് ഇപ്പോള്‍ സംസാരിക്കുന്നത്. ബാക്കി എന്നെക്കൊണ്ട് പറയിക്കേണ്ട. അതാണ് രാജേഷിനുള്ള മറുപടി. പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ വിമര്‍ശനത്തിന് അതീതനല്ല. നിയമസഭയില്‍ മൂന്ന് ദിവസവും അവര്‍ തനിക്കെതിരെയാണ് പറഞ്ഞത്. അതൊക്കെ ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് താന്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി.
പിപി ദിവ്യയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വിഷയമാണ്. വേറെ കത്തിന്‍റെ പിറകെ പോയാലൊന്നും അത് ഇല്ലാതാകില്ല. ആരെല്ലാം ഏതെല്ലാം വഴിക്ക് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാലും ഈ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ ആഖ്യാനമുണ്ടാകും. ഇപ്പോള്‍ കറങ്ങിത്തിരിഞ്ഞ് പൂരം വന്നില്ലേ? ദിവ്യ കേസും വന്നില്ലേ? സര്‍ക്കാരിന്‍റെ ദുര്‍ഭരണത്തിന് എതിരായ യുഡിഎഫിന്‍റെ പൊളിറ്റിക്കല്‍ നറേറ്റീവും കേന്ദ്ര സര്‍ക്കാരിന്‍റെ വര്‍ഗീയതയും ചര്‍ച്ചയാകും.
അതു തന്നെയായിരിക്കും തെരഞ്ഞെടുപ്പിലെ നറേറ്റീവ്. അത് ആരൊക്കെ മനപൂര്‍വമായി ആയാലും അല്ലാതെ ആയാലും വേറെ വഴിക്ക് തെറ്റിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചാലും അതിനൊന്നും ആയുസുണ്ടാകില്ലെന്നും സതീശന്‍ പാലക്കാട്ട് പറഞ്ഞു.
Be the first to comment