കൊച്ചി: നവരാത്രി ആഘോഷങ്ങളുടെ നിറവിൽ മഹാനവമിയെ വരവേറ്റ് ക്ഷേത്രങ്ങൾ. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ഇന്ന് വിശേഷാൽ പൂജകൾ കൂടാതെ നൃത്തനൃത്യങ്ങളും സംഗീതപരിപാടികളും മറ്റു കലാപരിപാടികളും അരങ്ങേറും. മഹാനവമി ദിനത്തിൽ ഗ്രന്ഥപൂജ, ആയുധപൂജകൾ, വിശേഷാൽ പൂജകൾ എന്നിവ നടക്കും. പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുസ്തക പൂജവെയ്പ്പ് നടന്നു. വിജയദശമി ദിനത്തിൽ കുരുന്നുകൾ അക്ഷരമധുരം നുകരും.
ക്ഷേത്രങ്ങളിൽ പൂജയെടുപ്പ്, വാഹനപൂജ തുടങ്ങിയവയ്ക്കു ശേഷം എഴുത്തിനിരുത്തൽ ചടങ്ങുകൾ തുടങ്ങും. ക്ഷേത്രങ്ങൾക്കു പുറമേ സാംസ്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും. മിക്ക ക്ഷേത്രങ്ങളിലും 10 ദിവസത്തെ പൂജാ പരിപാടികളാണ് നടക്കുന്നത്. ക്ഷേത്രങ്ങളിലെല്ലാം ഇന്നലെ മുതൽ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മഹാദേവൻ്റെ നിര്‍ദ്ദേശ പ്രകാരം ദുര്‍ഗാദേവിയായി അവതരിച്ച പാര്‍വതീദേവി 9 ദിവസത്തെ യുദ്ധത്തിനൊടുവില്‍ മഹിഷാസുരനെ കൊന്ന ദിവസമാണ് മഹാനവമി.
മഹിഷാസുര വധത്തിന്മേലുള്ള വിജയാഘോഷമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. ഒമ്പത് രാത്രിയും പത്ത് പകലുമായി നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷത്തിൽ ആദിപരാശക്തിയുടെ ഒമ്പത് രൂപങ്ങളെയാണ് ഭക്തർ ആരാധിക്കുക. നാളെ വിജയ ദശമി നാളിലെ വിദ്യാരംഭത്തോടെ നവരാത്രി ആഘോഷങ്ങൾ സമാപിക്കും.
കൊല്ലൂർ മൂകാംബികാ ക്ഷേത്രം, കോട്ടയം പനച്ചിക്കാട് സരസ്വതി ക്ഷേത്രം, വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കേരളത്തിൽ പ്രധാനമായും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Be the first to comment