ഹരിയാനയില്‍ നായബ് സിങ് സൈനി അധികാരമേറ്റു; ചടങ്ങില്‍ മോദിക്കൊപ്പം എന്‍ഡിഎ നേതാക്കളും

ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി അധികാരമേറ്റു. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള എന്‍ഡിഎ നേതാക്കള്‍ പങ്കെടുത്തു. ഹിന്ദിയിലാണ് സൈനി സത്യപ്രതിജ്ഞ ചൊല്ലിയത്. ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ സത്യവാവചകം ചൊല്ലിക്കൊടുത്തു. ഇത് രണ്ടാം തവണയാണ് സൈനി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്.

അനില്‍ വിജ്, കൃഷന്‍ ലാല്‍ പന്‍വാര്‍, റാവു നര്‍വീര്‍ സിങ്, ശ്രുതി ചൗധരി, ശ്യം ശിങ് റാണ ഉള്‍പ്പടെ 13 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. വാല്‍മീകി ജയന്തിയായതിനാലാണ് പതിനേഴാം തീയതി ബിജെപി സത്യപ്രതിജ്ഞയ്ക്കായി തെരഞ്ഞെടുത്തത്. സാമുദായിക ജാതി സമമവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മന്ത്രിസഭയിലെ പ്രാതിനിധ്യം. ദളിത്, ബ്രാഹ്മണ, ജാട്ട് സമുദായങ്ങളില്‍ നിന്നുള്ള രണ്ട് പേരും, ഒബിസി വിഭാഗത്തില്‍ നിന്ന് നാലുപേരും, രജ്പുത്, പഞ്ചാബി, ബനിയ വിഭാഗത്തില്‍ നിന്നായി ഒരാള്‍ എന്ന നിലയിലാണ് മന്ത്രിസഭയിലെ അംഗങ്ങള്‍.

ഉത്തര്‍പ്രദേശ്, അസം, മേഘാലയ, ആന്ധ്രാപ്രദേശ് ഉള്‍പ്പെട എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന് മുന്‍പായി സൈനി വാല്‍മീകി ഭവനിലും പഞ്ച്കുളയിലെ ഗുരുദ്വാരയിലും മാന്‍സ ദേവി ക്ഷേത്രത്തിലും ദര്‍ശനം നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഹരിയാനയെ അതിവേഗം മുന്നോട്ട് കൊണ്ടുപോകാന്‍ തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് സൈനി മാധ്യമങ്ങളോട് പറഞ്ഞു. മോദി സര്‍ക്കാരിന്റെ നയങ്ങളോടുളള വിശ്വാസമാണ് ഹരിയാനയില്‍ പാര്‍ട്ടിക്ക് തുടര്‍വിജയം സമ്മാനിച്ചത്. പ്രകടനപത്രികയില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും നടപ്പാക്കുമെന്നും സൈനി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 ല്‍ 48 സീറ്റു‍ നേടിയാണ് ബിജെപി ഹാട്രിക് വിജയം നേടിയത്. ഹിസാര്‍ എംഎല്‍എ സാവിത്രി ജിന്‍ഡാല്‍ ഉള്‍പ്പെടെ മൂന്ന് സ്വതന്ത്രരും പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് 54 കാരനായ സൈനിയെ ബിജെപി നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തത്. തുടര്‍ഭരണം ലഭിക്കുകയാണെങ്കില്‍ സൈനിയാകും മുഖ്യമന്ത്രിയെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. കുരുക്ഷേത്ര ജില്ലയിലെ ലദ്‌വ നിയമസഭാ സീറ്റില്‍ 16,054 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സൈനിയുടെ വിജയം.

Be the first to comment

Leave a Reply

Your email address will not be published.


*