ഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രി സ്ഥാനം രാജി വെക്കണമെന്ന് എ കെ ശശീന്ദ്രന് എന്‍സിപിയുടെ അന്ത്യശാസനം. സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ രാജി വെയ്ക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും രാജി വെക്കാമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.
കോഴ വാഗ്ദാനത്തില്‍ പാര്‍ട്ടി അടിമുടി നീറി നില്‍ക്കുമ്പോഴും മന്ത്രിസ്ഥാനത്തുനിന്ന് എ കെ ശശീന്ദ്രനെ മാറ്റിയേ മതിയാകു എന്ന നിലപാടിലാണ് എന്‍സിപിയുടെ സംസ്ഥാന നേതൃത്വം എന്നാണ് ഈ നീക്കത്തിലൂടെ മനസിലാകുന്നത്. ഈ മാസം 19 ന് ചേര്‍ന്ന എന്‍സിപി സംസ്ഥാന നേതൃ യോഗത്തില്‍ തന്നെ മന്ത്രി സ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പി സി ചാക്കോ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴും ആവശ്യം ആവര്‍ത്തിക്കുകയാണ് പിസി ചാക്കോ.
ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നവംബര്‍ 13നാണ്. 14ന് തന്നെ രാജി വെക്കണം എന്നാണ് പിസി ചാക്കോയുടെ ആവശ്യം. രാജിക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അറിയിക്കണമെന്നും ശശീന്ദ്രന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വനം വകുപ്പില്‍ നിന്ന് അനധികൃതമായ സഹായം ലഭിക്കാത്തതു കൊണ്ടാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നതെന്ന് നേതൃയോഗത്തില്‍ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയുമെന്നും അദ്ദേഹം അറിയിച്ചു.
ശശീന്ദ്രന്‍ രാജിവച്ചാല്‍ എന്‍സിപിക്ക് പകരം മന്ത്രിയെ ലഭിക്കാന്‍ ഇടയില്ല. കോഴ വാഗ്ദാനം കൂടി പുറത്തായതോടെ എല്ലാ സാധ്യതകളും അടഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയിലും മുന്നണി നേതൃത്വത്തിലും സമ്മര്‍ദ്ദം ചെലുത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് പാര്‍ട്ടി മന്ത്രിയെ രാജിവെപ്പിക്കുന്നത്. മന്ത്രി സ്ഥാനം ഒഴിഞ്ഞാല്‍ ചാക്കോയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ശശീന്ദ്രന്‍ പക്ഷം ആവശ്യപ്പെടും. ആവശ്യം അംഗീകരിക്കുന്നില്ല എങ്കില്‍ എന്‍സിപി പിളരാനാണ് സാധ്യത.
Be the first to comment