
പാർട്ടിയിൽ നിന്ന് പൂർണ പിന്തുണ ലഭിച്ചെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ തോമസ് കെ തോമസ്. തന്റെ സഹോദരൻ പോലും ഇത്ര പിന്തുണ ലഭിച്ചിരുന്നില്ല. ഏകകണ്ഠമായിട്ടാണ് തന്നെ പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.പാർട്ടിയിൽ നിന്ന് മാറി നിൽക്കുന്നവരെ ചേർത്ത് നിർത്തി സഹകരിപ്പിക്കുമെന്നും ഒറ്റകെട്ടായി മുന്നോട്ട് കൊണ്ടുപോകാനുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും തോമസ് കെ തോമസ് വ്യക്തമാക്കി.
കുട്ടനാടിന്റെ വികസനത്തിനായി സർക്കാർ ഒട്ടനവധി കാര്യങ്ങൾ ചെയ്തു. ജി സുധാകരൻ മന്ത്രി ആയിരുന്ന കാലത്ത് 14 പാലങ്ങൾ ആണ് അവിടെ അനുവദിച്ചത്. എൽഡിഎഫിന്റെ വിജയത്തിനായി കൂടുതൽ ശക്തമായി പ്രവർത്തിക്കുമെന്നും കെ റെയിൽ പദ്ധതിക്ക് എൻസിപി പൂർണപിന്തുണ നല്കുമെന്നും തോമസ് കെ തോമസ് കൂട്ടിച്ചേർത്തു.
അതേസമയം, തോമസ് കെ തോമസിനെ പിന്തുണച്ച് 14 ജില്ലാ പ്രസിഡന്റുമാർ ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര യാഥാവിനു കത്തയച്ചതിനു പിന്നാലെയാണ് പാർട്ടിയുടെ അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം. മന്ത്രി എ കെ ശശീന്ദ്രൻ ആണ് പി സി ചാക്കോ രാജി വെച്ചതിനു പിന്നാലെ ശരത് പവാറിന് തോമസ് കെ തോമസിന്റെ പേര് നിർദ്ദേശിച്ചു കത്തയച്ചത്.
മന്ത്രിമാറ്റ ചർച്ചയും മന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള തോമസ് കെ തോമസിന്റെ അവകാശവാദവും പാർട്ടിയിൽ വലിയ തർക്കങ്ങൾ ഉണ്ടാക്കിയിരുന്നു. കോൺഗ്രസിൽ നിന്ന് എത്തിയ പി എം സുരേഷ് ബാബുവിനെ അധ്യക്ഷനാക്കണം എന്നായിരുന്നു പി സി ചാക്കോയുടെ ആഗ്രഹം. പക്ഷെ ശശീന്ദ്രൻ പക്ഷം അനുകൂലിച്ചിരുന്നില്ല. സംസ്ഥാന കൗൺസിൽ യോഗം വിളിപ്പിച്ച് ചാക്കോയെ പ്രസിഡന്റ്റ് സ്ഥാനത്തു നിന്ന് നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ശശീന്ദ്രൻ വിഭാഗം. അതിനായി അവർ ഒപ്പു ശേഖരണം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ചാക്കോ അപ്രതീക്ഷിതമായി രാജി സമർപ്പിച്ചത്. ഇതോടെയാണ് തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷൻ ആക്കാനുള്ള ശശീന്ദ്രൻ വിഭാഗത്തിന്റെ ശ്രമം ഫലം കണ്ടത്.
Be the first to comment