ലോക്സഭാ സ്‌പീക്കർ സ്ഥാനത്തേയ്ക്ക് ഓം ബിർളയുടെ പേര് വീണ്ടും നിർദ്ദേശിച്ച് എൻഡിഎ

ന്യൂഡൽഹി : ലോക്സഭാ സ്‌പീക്കർ സ്ഥാനത്തേയ്ക്ക് ഓം ബിർളയുടെ പേര് വീണ്ടും നിർദ്ദേശിച്ച് എൻഡിഎ. ഉച്ചയോടെ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എന്നാൽ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ പ്രതിപക്ഷം മത്സരത്തിനിറങ്ങാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ഇന്‍ഡ്യ സഖ്യത്തിന്‍റെ നീക്കം മുന്നില്‍ക്കണ്ട് ബിജെപി സമവായ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

മത്സരം ഒഴിവാക്കണമെന്നും ഓം ബിർളയെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ട് രാജ്‌നാഥ് സിംഗ് ഇൻഡ്യ സഖ്യനേതാക്കളെ കണ്ടു. നാളെയാണ് ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് 12 മണി വരെയാണ് ലോക്സഭ സ്പീക്കർ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക നൽകാനുളള സമയം. എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കർ ആക്കണമെന്ന ആവശ്യത്തിൽ ഇന്‍ഡ്യ സഖ്യം ഉറച്ചുനിൽക്കുകയാണ്.

അല്ലാത്ത പക്ഷം പ്രതിപക്ഷത്തിൻ്റെ സ്പീക്കർ നോമിനിയായി കൊടിക്കുന്നിൽ മത്സരിക്കും. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കും. രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തും എന്നാണ് പ്രതീക്ഷ. അക്ഷരമാല ക്രമത്തിൽ മഹാരാഷ്ട്ര മുതൽ പശ്ചിമ ബംഗാൾ വരെയുള്ള സംസ്ഥാനങ്ങളിലെ എംപിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, യൂസഫ് പത്താൻ അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*