സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം വേണം: ചര്‍ച്ച ശക്തമാകുന്നു

തിരുവനന്തപുരം: കെ സുധാകരന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരിച്ചെത്തിയതിനു ശേഷവും പുതിയ അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തുടരുന്നു. ക്രിസ്ത്യന്‍ സമുദായത്തിന് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തില്‍ പ്രാതിനിധ്യമില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചകള്‍ തുടരുന്നതെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണ തിരിച്ചുപിടിക്കാന്‍ സമുദായത്തില്‍പ്പെട്ട നേതാവ് നേതൃനിരയില്‍ വേണമെന്നാണ് ആവശ്യം.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിനും എ കെ ആന്റണി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതിനും ശേഷം ക്രിസ്ത്യന്‍ സമുദായത്തിന് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തില്‍ പ്രാതിനിധ്യമില്ലായിരുന്നു. ഒരുകാലത്ത് പാര്‍ട്ടിയുടെ നട്ടെല്ലായി കരുതിയിരുന്ന സഭയ്ക്കും ക്രിസ്ത്യന്‍ സമൂഹത്തിനും ഇതില്‍ നീരസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുസ്ലീം സമുദായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ മുസ്ലീം ലീഗുണ്ട്. ക്രിസ്ത്യന്‍ പ്രാതിനിധ്യം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഉറപ്പാക്കിയിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ പുറത്താകലും കോണ്‍ഗ്രസിലെ പ്രാതിനിധ്യക്കുറവും ക്രിസ്ത്യന്‍ സമൂഹത്തില്‍ പാര്‍ട്ടിയോടുള്ള അകല്‍ച്ചയ്ക്ക് കാരണമായി. ഈ സമയം സിപിഎമ്മും ബിജെപിയും ക്രിസ്ത്യന്‍ സമൂഹത്തിലേക്ക് വിജയകരമായി കടന്നുകയറിയെന്നും ചൂണ്ടിക്കാട്ടുന്നു.

റോമന്‍ കത്തോലിക്കര്‍ ക്രിസ്ത്യന്‍ സമൂഹത്തിലെ ഏറ്റവും വലിയ വിഭാഗമായതിനാല്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന്റെ പേരാണ് ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്നു വന്നിട്ടുള്ളത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കുപരിയായിട്ടുള്ള അദ്ദേഹത്തിന്റെ നിഷ്പക്ഷ സ്വഭാവവും ബന്ധങ്ങളും അനുകൂല ഘടകങ്ങളായി അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എല്ലാ ഡിസിസികളോടും മണ്ഡലം കമ്മിറ്റികളോടും വിഷയം ചര്‍ച്ച ചെയ്യാനും അഭിപ്രായം കെപിസിസി നേതൃത്വത്തിന് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനാപരമായ വീഴ്ച നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയുടെ സംഘടനാ ശക്തിയും ദൗര്‍ബല്യവും വിലയിരുത്താന്‍ തീരുമാനിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയും ഉണ്ടായേക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*