നീണ്ടുരും ഉത്തരവാദിത്ത ടൂറിസത്തിലേക്ക്

നീണ്ടൂരിനെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയതിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്നു നടന്നു.
കുമരകം ആണ് കേരളത്തിൽ ആദ്യമായി ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ആരംഭിച്ച സ്ഥലങ്ങളിലൊന്ന്.വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് തദ്ദേശ വാസികൾ ഉയർത്തിക്കൊണ്ടുവന്ന വ്യത്യസ്ത രൂപത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ അഭിസംബോധന ചെയ്തുകൊണ്ട് വിനോദ സഞ്ചാര മേഖലയെ ജനപക്ഷത്തേക്ക് ചേർക്കുക എന്ന ലക്ഷ്യത്തിൽ ഊന്നിയ പ്രവർത്തനം ആദ്യമായി വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞ സ്ഥലങ്ങളിലൊന്നാണ് കുമരകം. പ്രത്യക്ഷമായും പരോക്ഷമായും വിനോദസഞ്ചാരത്തിലൂടെ വിവിധ രൂപത്തിലുള്ള നേട്ടങ്ങൾ നേടാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിലൂടെ കുമരകം മുന്നോട്ടു സഞ്ചരിച്ചപ്പോൾ ലോകത്ത് തന്നെ ഏറ്റവും മാതൃകാപരമായ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ഒന്നായ കുമരകം ലോക ശ്രദ്ധ നേടി. 3 അന്തർദ്ദേശീയ അവാർഡുകളും രണ്ട് ദേശീയ അവാർഡുകളും ഈ രംഗത്ത് കുമരകം നേടി. അയ്മനത്തേയും മാതൃകാ ഉത്തരവാദിത്വം ഗ്രാമങ്ങളുടെ പട്ടികയിൽ എത്തിക്കാനായി. ലോകത്ത് നിർബന്ധമായി സഞ്ചരിക്കേണ്ട 30 പ്രദേശങ്ങളിൽ ഒന്നായി അയ്മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമത്തെ കോൺടെനാസ്റ്റ് ട്രാവലർ തെരഞ്ഞെടുക്കുകയും വേൾഡ് മാർക്കറ്റ് ലണ്ടന്റെ അവാർഡിന് അർഹമാവുകയും ചെയ്തു. കുമരകത്തും അയ്മനത്തും ഒട്ടേറെ സാധാരണ മനുഷ്യരുടെ ജീവിതത്തെ സഹായിക്കുന്ന പദ്ധതിയായി ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾ മാറിയിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി നീണ്ടൂരിനെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുമ്പോൾ
കേരളത്തിലെ തന്നെ പ്രധാനപ്പെട്ട അഗ്രി ടൂറിസം ഹബ്ബായി നീണ്ടുരിനെ മാറ്റുക എന്ന ലക്ഷ്യവും നമ്മുടെ മുന്നിലുണ്ട്. സഞ്ചാര മേഖലയിൽ പുത്തൻ ഉണർവ്വ് സമ്മാനിക്കുന്ന ബഹു മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പും ഒപ്പം നീണ്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനും നമ്മളെല്ലാവരും ഒത്തുചേരുമ്പോൾ ഗ്രാമീണ ജീവിതവും കാർഷിക സംസ്കൃതിയും പരമ്പരാഗത തൊഴിലുകളും രുചികരമായ ഭക്ഷണവും കനാൽ ടൂറിസവും ഗ്രാമീണ ജീവിതവും എല്ലാം ഒത്തുചേർന്ന അനുഭവഭേദ്യ വിനോദസഞ്ചാരത്തിന്റെ പുതിയ ചരിത്രം ലോകത്തിന് സമ്മാനിക്കാൻ നീണ്ടൂർ ഉത്തരവാദിത്ത ടൂറിസം ഗ്രാമത്തിനു കഴിയും. കുമരകവും അയ്മനവും നീണ്ടുരുംആർപ്പൂക്കരയും തിരുവാർപ്പും ഏറ്റുമാനൂരും അതിരമ്പുഴയും എല്ലാം ഒത്തുചേരുന്നഒരു സമ്പൂർണ്ണ ടൂറിസം സർക്യൂട്ട് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് ഒരുമിച്ച് മുന്നേറാം.

Be the first to comment

Leave a Reply

Your email address will not be published.


*