നീറ്റ് പരീക്ഷ; കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

ജയ്പൂര്‍: മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആത്മഹത്യ ചെയ്തു. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന മഹാരാഷ്ട്ര സ്വദേശി അവിഷ്കർ സംബാജി കാസ്ലെ, ബിഹാര്‍ സ്വദേശി ആദർശ് രാജ് എന്നീ വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഇതോടെ ഈ വര്‍ഷം കോട്ടയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം 23 ആയി.

പ്രതിവാര ടെസ്റ്റ് എഴുതിയതിനു പിന്നാലെയാണ് ഇരു വിദ്യാര്‍ഥികളും ജീവനൊടുക്കിയത്. ടെസ്റ്റ് കഴിഞ്ഞ് മിനിറ്റുകൾക്ക് ശേഷം കോച്ചിങ് സെന്‍ററിന്‍റെ ആറാം നിലയിൽ നിന്ന് ചാടിയാണ് അവിഷ്കർ ആത്മഹത്യ ചെയ്തത്. കോച്ചിങ് സെന്‍ററിലെ ജീവനക്കാർ വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു ആത്മഹത്യ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്ലസ് ടു പഠനത്തിനൊപ്പം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ആദര്‍ശ് രാജിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.  

കോച്ചിങ് സെന്‍ററുകളിലെ പ്രതിവാര ടെസ്റ്റുകള്‍ വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലും നിരാശയിലുമാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ആഴ്ച ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടുമാത്രം ജീവന്‍ രക്ഷിക്കാനായി. അടുത്ത രണ്ട് മാസത്തേക്ക് ടെസ്റ്റുകൾ നടത്തരുതെന്ന് കോട്ടയിലെ കോച്ചിങ് സെന്‍ററുകള്‍ക്ക് കലക്ടര്‍ ഒ പി ബങ്കര്‍ കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കണമെന്നും നിരീക്ഷണം വേണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*