ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്നും ബിഹാറിലെ ഒറ്റ പരീക്ഷാകേന്ദ്രത്തിൽ മാത്രമാണ് പേപ്പർ ചോർന്നതെന്നും സിബിഐ. സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സിബിഐ അക്കാര്യം വ്യക്തമാക്കിയത്. പേപ്പർ ചോർച്ച വ്യാപകമല്ല. ചോർച്ച പ്രാദേശികം മാത്രമാണ്. ഏതാനും വിദ്യാർത്ഥികളെ മാത്രമാണ് ബാധിച്ചത്. ചോർന്ന ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടില്ലെന്നും സിബിഐ മുദ്രവെച്ച കവറിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു.
ചോദ്യപേപ്പർ ചോർത്തിയത് പരീക്ഷക്ക് വേണ്ടി ഝാർഖണ്ഡിലെ സ്കൂളിലേക്ക് കൊണ്ടു പോകും വഴിയാണെന്ന് കണ്ടെത്തിയതായും സിബിഐ സൂചിപ്പിച്ചു. ചോർത്തിയ പരീക്ഷാ പേപ്പറുകൾ 50 ലക്ഷം വരെ വാങ്ങി ബീഹാറിലെ വിദ്യാർത്ഥികൾക്ക് എത്തിച്ചു. പരീക്ഷാ പേപ്പർ ചോർന്ന വിഷയം വ്യക്തമായിരുന്നിട്ടും, സ്കൂൾ അധികൃതർ ഇക്കാര്യം സമയത്ത് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ അറിയിച്ചില്ല. വിവരം അറിഞ്ഞ ശേഷം എൻടിഎയും തെളിവുകൾ മറച്ചു വെച്ചുവെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നുവെന്നാണ് റിപ്പോർട്ടുകൾ.
നീറ്റ് – യു.ജിയുടെ ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്നും ലോക്ക് പൊട്ടിയിട്ടില്ലെന്നുമാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി ആവർത്തിക്കുന്നത്. ഒരു പരീക്ഷാ കേന്ദ്രത്തിലെ ആറ് പേർക്ക് മുഴുവൻ മാർക്കും ലഭിച്ചത്, സമയനഷ്ടം മൂലം ഗ്രേസ് മാർക്ക് നൽകിയതിനാലാണ്. ജൂൺ 23ന് നടത്തിയ പുനഃപരീക്ഷയിൽ ഇവർക്ക് മുഴുവൻ മാർക്കും നേടാനായില്ല. ഇതോടെ 720ൽ 720 മാർക്കും നേടിയവരുടെ എണ്ണം 67ൽനിന്ന് 61 ആയി കുറഞ്ഞെന്നും എൻടിഎ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ സുപ്രീംകോടതിയുടെ നിർണായക തീരുമാനം ഇന്നുണ്ടാകും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും. പുനഃപരീക്ഷ സംബന്ധിച്ച് സുപ്രീംകോടതി നിർണായക തീരുമാനമെടുക്കും. നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടമായാല്‍ പുനഃപരീക്ഷ നടത്താമെന്ന് സുപ്രീംകോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ക്രമക്കേടിന്റെ ഗുണഭോക്താക്കളെ കണ്ടെത്തിയില്ലെങ്കില്‍ പുനഃപരിക്ഷ നടത്താമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
Be the first to comment