മെഡിക്കല്‍ പിജി പ്രവേശത്തനത്തിനുള്ള നീറ്റ് പിജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു ഓഗസ്റ്റ് 11ന്

ന്യൂഡല്‍ഹി:മെഡിക്കല്‍ പിജി പ്രവേശത്തനത്തിനുള്ള നീറ്റ് പിജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് പതിനൊന്നിന് നടക്കും. ജൂണ്‍ 23-ന് നടത്തേണ്ടിയിരുന്ന നീറ്റ് പിജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള ക്രമക്കേടുകളെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍കെയായിരുന്നു മാറ്റിവെച്ചത്.

രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുകയെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സസ് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് natboard.edu.in വെബ് സൈറ്റ് സന്ദര്‍ശിക്കുക

മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് പരീക്ഷകള്‍ മാറ്റി വച്ചതെന്നായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം. വിദ്യാര്‍ഥികള്‍ക്ക് നേരിട്ട അസൗകര്യത്തില്‍ മന്ത്രാലയം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ചും പരീക്ഷയുടെ പവിത്രത നിലനിര്‍ത്തുന്നതിനുമാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ ജൂണ്‍ 25നും 27 നുമിടയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷയും മാറ്റിയിരുന്നു. നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*