നീറ്റ് ചോദ്യപേപ്പർ ചോർച്ച ; മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിഹാറിലെ പട്നയിൽ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച രണ്ടുപേരെയും ചോദ്യം ചെയ്യുന്നതിനായി സിബിഐ വിളിച്ചുവരുത്തിയിരുന്നു.

തുടർന്നായിരുന്നു അറസ്റ്റ്. സിബിഐ വൃത്തങ്ങൾ പറയുന്നതനുസരിച്ച് മനീഷ് കുമാറാണ് തൻ്റെ കാറിൽ വിദ്യാര്‍ത്ഥികളെ ഒരു ഒഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തിലെത്തിച്ച് ചോര്‍ത്തിയ ചോദ്യപേപ്പറുകള്‍ നല്‍കിയത്. അശുതോഷിന്റെ വീട്ടിലാണ് വിദ്യാര്‍ഥികളെ താമസിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് ഉറ്റുനോക്കിയ ജൂണ്‍ നാലിനാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ തവണ നീറ്റ് പരീക്ഷ എഴുതിയവരില്‍ രണ്ടുപേര്‍ മാത്രം മുഴുവന്‍ മാര്‍ക്ക് നേടിയപ്പോള്‍ ഇത്തവണ 67 പേര്‍ക്കാണ് ഒന്നാം റാങ്ക് കിട്ടിയത്. ഇതില്‍ ഏഴു പേര്‍ ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവരായിരുന്നു. ഈ അസ്വാഭാവികതയാണ് വിവാദത്തിന് അടിസ്ഥാനമായതും അന്വേഷണത്തിലേക്ക് നീണ്ടതും. 23 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ കേരളത്തില്‍ നിന്ന് മാത്രം യോഗ്യത നേടിയത് 86,681 കുട്ടികളാണ്.

സര്‍ക്കാര്‍-സ്വകാര്യ മേഖലയിലായി ആകെ ലഭ്യമായ സീറ്റ് ഒരു ലക്ഷത്തിന് അടുത്താണ്. സംസ്ഥാനത്ത് ഇത് 1500ല്‍ താഴെ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ പരീക്ഷ പാസായിട്ടും ഉപരിപഠനം ഇവര്‍ക്ക് മുന്നില്‍ വലിയ ചോദ്യ ചിഹ്നമാണ്. പുനര്‍ മൂല്യനിര്‍ണയമോ പുനഃപരീക്ഷയോ നടത്തണം എന്നുള്ളതായിരുന്നു വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.

Be the first to comment

Leave a Reply

Your email address will not be published.


*