പ്രഥമ പ്രധാനമന്ത്രിയുടെ സ്‌മരണയില്‍ രാജ്യം; 135ാം ജന്മദിനത്തില്‍ നെഹ്‌റുവിന് ആദരമര്‍പ്പിച്ച് മോദിയും പ്രിയങ്കയും

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രിയുടെ 135ാം ജന്മദിനം സമുചിതമായി ആഘോഷിച്ച് രാജ്യം. ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ജന്മദിനത്തില്‍ താന്‍ അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.

1889 നവംബര്‍ പതിനാലിനാണ് നെഹ്‌റു ഉത്തര്‍പ്രദേശിലെ ഇന്നത്തെ പ്രയാഗ്‌രാജ് എന്ന് അറിയപ്പെടുന്ന അലഹബാദില്‍ ജനിച്ചത്. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ദേശീയ നേതാവ് കൂടിയാണ് ജവഹര്‍ലാല്‍ നെഹ്‌റു. 1964 മെയ് 27നാണ് അദ്ദേഹം ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്രയും മറ്റ് പാര്‍ട്ടി നേതാക്കളും ജവഹര്‍ലാല്‍ നെഹ്‌റു അന്ത്യവിശ്രമം കൊള്ളുന്ന ശാന്തിവനത്തിലെത്തി ആദരമര്‍പ്പിച്ചു. ആധുനിക ഇന്ത്യയുടെ ശില്‍പി എന്നാണ് പ്രിയങ്ക അദ്ദേഹത്തെ തന്‍റെ എക്‌സിലെ കുറിപ്പില്‍ വിശേഷിപ്പിച്ചത്.

ലോകത്തിലെ എല്ലാ തിന്മകളുടെയും മൂലകാരണം ഭയമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനും നിരവധി പേരുടെ ത്യാഗങ്ങള്‍ക്കുമൊടുവിലാണ് നമുക്ക് സ്വാതന്ത്ര്യം നേടാനായത്. ഇതിന് ശേഷം നിരപരാധികളായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ചിലര്‍ രാഷ്‌ട്രീയം ഉപയോഗിക്കുന്നു. പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റു ഇത്തരക്കാരെ ശക്തമായി എതിര്‍ത്തു. സാധാരണക്കാരോട് ഭയപ്പെടരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. ഭയം പരത്താന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ജനങ്ങളുടെ പ്രതിനിധികളല്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

പൊതുസേവകര്‍ തലയുര്‍ത്തിപ്പിടിച്ച് മുന്നില്‍ നിന്നാല്‍ ജനങ്ങള്‍ക്ക് നിര്‍ഭയം കഴിയാനാകും. ഭയമില്ലാത്തവരാകാനും നിസ്വാര്‍ഥമായി സേവനം ചെയ്യാനുമാണ് പണ്ഡിറ്റ് നെഹ്‌റു എന്നും പൊതുജനങ്ങളെ ശീലിപ്പിച്ചത്. രാഷ്‌ട്രനിര്‍മാണത്തിന്‍റെ എല്ലാ ഘട്ടത്തിലും പൊതുജനങ്ങള്‍ക്കാണ് അദ്ദേഹം പ്രഥമപരിഗണന നല്‍കിയിരുന്നത്. ആധുനിക ഇന്ത്യയുടെ ശില്‍പ്പിക്ക് ആദരം നിറഞ്ഞ അഭിവാദ്യമെന്നും പ്രിയങ്ക കുറിച്ചു.

വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ പ്രിയങ്ക തികഞ്ഞ വിജയപ്രതീക്ഷയാണ് പങ്കുവച്ചിട്ടുള്ളത്. തങ്ങളുടെ പ്രതിനിധിയാകാന്‍ വയനാട്ടുകാര്‍ തനിക്ക് ഒരു അവസരം നല്‍കുമെന്നാണ് കരുതുന്നതെന്നും പ്രിയങ്ക പറഞ്ഞു.

നെഹ്‌റുവിന്‍റെ ജന്മദിനം ശിശുദിനമായാണ് രാജ്യം ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ച് വിദ്യാലയങ്ങളില്‍ വിവിധ അനുസ്‌മരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികളെ സ്‌നേഹിക്കേണ്ടതിന്‍റെ പ്രാധാന്യം പഠിപ്പിച്ച നെഹ്‌റുവിനെ രാജ്യത്തെ കുഞ്ഞുങ്ങള്‍ സ്‌നേഹാദരപൂര്‍വം ചാച്ചാജി എന്ന് വിളിച്ചു.

നെഹ്‌റുവിന്‍റെ മരണ ശേഷം അദ്ദേഹത്തിന്‍റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കാന്‍ രാജ്യം ഏകകണ്‌ഠമായി തീരുമാനിക്കുകയായിരുന്നു. 1954ല്‍ ഐഖ്യരാഷ്‌ട്രസഭ നവംബര്‍ 20 ആഗോള ശിശുദിനമായി പ്രഖ്യാപിച്ചെങ്കിലും നാമിന്നും ചാച്ചാജിയുടെ ജന്മദിനം തന്നെ ശിശുദിനമായി ആചരിച്ച് പോരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*