നെഹ്രു ട്രോഫി വള്ളം കളി; മുഖ്യമന്ത്രിക്ക് എത്താനായില്ല, ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ

ആലപ്പുഴ: ആവേശത്തിരയിളക്കി 69-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരത്തിന് തുടക്കം. ഉച്ചക്ക് രണ്ട് മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പകരം മന്ത്രി സജി ചെറിയാൻ ജലമാമാങ്കം ഉദ്ഘാടനം ചെയ്തു. പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഇറക്കാനാകില്ലെന്നതിനാലാണ് മുഖ്യമന്ത്രി വള്ളംകളിക്കെത്താതിരുന്നത്. മന്ത്രിമാരായ വി അബ്ദുറഹിമാൻ, കെ രാജൻ, വീണാ ജോര്‍ജ്, സജി ചെറിയാൻ, എംബി രാജേഷ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, സതേണ്‍ എയര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

ജില്ലയിലെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പുന്നമട കായലിൽ രാവിലെ 11 മണിയോടെ മത്സരം ആരംഭിച്ചത്. വെപ്പ് , ചുരുളൻ , ഇരുട്ട്കുത്തി , തെക്കനോടി തുടങ്ങിയ വിഭാഗങ്ങളിലായി ആകെ 72 കളിവള്ളങ്ങളാണ് ഓളപ്പരപ്പിൽ തീ പടർത്താനെത്തിയത്.

മുൻ വർഷത്തെ ചാമ്പ്യന്മാരായ കാട്ടിൽ തെക്കേതിലും രണ്ടാം സ്ഥാനക്കാരായ നടുഭാഗവുമടക്കം 19 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണത്തെ അങ്കത്തിനൊരുങ്ങുന്നത്. ചുരുളൻ – മൂന്ന്, ഇരുട്ടുകുത്തി എ ഗ്രേഡ് -നാല്, ഇരുട്ടുകുത്തി ബി ഗ്രേഡ് -15, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -ഏഴ്, വെപ്പ് ബി ഗ്രേഡ് -നാല്, തെക്കനോടി തറ -മൂന്ന്, തെക്കനോടി കെട്ട് – നാല് എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. ഒരു മാസത്തെ പരിശീലനവും അവസാനവട്ട ഒരുക്കങ്ങളും പൂർത്തീകരിച്ചാണ് വിവിധ ബോട്ട് ക്ലബുകളും തുഴച്ചിലുകാരും മത്സരത്തിനായി എത്തിയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*