നെഹ്റു ട്രോഫി വള്ളംകളി : ഇതര സംസ്ഥാന തുഴച്ചിലുകാർക്ക് നിയന്ത്രണം

ആലപ്പുഴ : സെപ്റ്റംബർ 28ന് നടക്കുന്ന നെഹ്റു ട്രോഫി മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ചുണ്ടൻ വള്ളത്തിൽ ഇതര സംസ്ഥാനക്കാർ ആകെ തുഴച്ചിൽക്കാരുടെ 25 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല. ഇതിന് വിരുദ്ധമായി തുഴഞ്ഞാൽ ആ വള്ളത്തിനെ അയോഗ്യരാക്കും.

വള്ളങ്ങളുടെ പരിശീലനം അഞ്ച് ദിവസത്തിൽ കുറയാൻ പാടില്ല. അഞ്ച് ദിവസത്തിൽ കുറവ് മാത്രമേ പരിശീലനം നടത്തിയിട്ടുള്ളൂ എന്ന റിപ്പോർട്ട് കിട്ടിയാൽ ബോണസിൽ മൂന്നിൽ ഒന്ന് കുറവുവരുത്തുന്നതാണ്. വളളങ്ങൾ പരിശീലനം നടത്തുന്ന ദിവസങ്ങൾ റേസ് കമ്മിറ്റി പരിശോധിക്കും. പരിശീലന സമയങ്ങളിൽ ചുണ്ടൻ വള്ളങ്ങളിൽ മാസ് ഡ്രിൽ പരിശീലനം നിർബന്ധമായും ഉൾപ്പെടുത്തണം.

ചുണ്ടൻ വള്ളങ്ങളുടെ ക്യാപ്റ്റന്മാർ 20ന് വൈകിട്ട് 5 മണിക്ക് മുൻപ് ആലപ്പുഴ ബോട്ട് ജട്ടിക്ക് എതിർവശത്തുള്ള മിനി ‌ സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ തുഴച്ചിൽ കാരുടെ പേര് വിവരം അടങ്ങിയ ഫോം പൂരിപ്പിച്ച് രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം നൽകണം.

ചുണ്ടൻവളളങ്ങളിൽ 75 തുഴക്കാരിൽ കുറയുവാനും 95 തുഴക്കാരിൽ കൂടുതലാകുവാനും പാടില്ല. എ ഗ്രേഡ് വെപ്പ് ഓടി 45 മുതൽ 60 തുഴക്കാർ വരെ, ബി ഗ്രേഡ് വെപ്പ് ഓടി 25 മുതൽ 35 വരെ തുഴക്കാർ, ഇരുട്ടുകുത്തി എ ഗ്രേഡ് 45 മുതൽ 60 തുഴക്കാർ, ഇരുട്ടുകുത്തി ബി ഗ്രേഡ് 25 മുതൽ 35 വരെ തുഴക്കാർ, ഇരുട്ടുകുത്തി സി ഗ്രേഡ് 25 താഴെ തുഴക്കാർ, ചുരുളൻ 25 മുതൽ 35 വരെ തുഴക്കാർ. (തെക്കനോടി വനിതാ വള്ളത്തിൽ 30 ൽ കുറയാത്ത തുഴക്കാർ) കയറേണ്ടതാണ്. ഈ തുഴക്കാർക്ക് പുറമേ നിലക്കാരും പങ്കായക്കാരും ഉണ്ടായിരിക്കണം.

വളളംകളിയിൽ പങ്കെടുക്കുന്ന തുഴച്ചിൽകാർ നീന്തൽ പരിശീലനം ലഭിച്ചവരായിരിക്കണം. 18 വയസ് പൂർത്തിയാവണം. 55 വയസ്സിൽ കൂടുവാൻ പാടില്ല. മത്സര വള്ളങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ, മനോദൗർബല്യം ഉള്ളവർ, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തു‌ക്കൾ ഉപയോഗിക്കുന്നവരെ ടീമിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വള്ളങ്ങളെ അയോഗ്യരാക്കുകയും, അവർക്ക് ബോണസിന് അർഹതയില്ലാത്തതുതമാണ്.

സ്റ്റാർട്ടിംഗിലെ സുഗമമായ നടത്തിപ്പിന് നിബന്ധനകൾ അനുസരിക്കാത്ത വള്ളങ്ങളെ റേസിൽ നിന്ന് വിലക്കുന്നതിനുള്ള അധികാരം റേസ് കമ്മിറ്റിക്ക് ഉണ്ടായിരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*