പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസ്; നേപ്പാള്‍ ക്രിക്കറ്റ് താരം സന്ദീപ് ലാമിചാനെയ്ക്ക് എട്ടുവര്‍ഷം തടവ് ശിക്ഷ

പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ നേപ്പാളി ക്രിക്കറ്റര്‍ സന്ദീപ് ലാമിചാനെയ്ക്ക് എട്ടുവര്‍ഷം തടവ് ശിക്ഷ. കഴിഞ്ഞമാസമാണ് സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കാഠ്മണ്ഡു കോടതി വിധിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സന്ദീപിന്റെ അഭിഭാഷകന്‍ അറിയിച്ചു.

സ്പിന്നറായ സന്ദീപ്, നേപ്പാള്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. ബലാത്സംഗ ആരോപണം ഉയര്‍ന്നതിന് പിന്നാലെ, 23-കാരനായ സന്ദീപിനെ 2022-ല്‍ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. ഐപിഎല്‍ ഉള്‍പ്പെടെയുള്ള വിവിധ ടൂര്‍ണമെന്റുകളില്‍ സന്ദീപ് കളിച്ചിട്ടുണ്ട്.

കരീബിയന്‍ പ്രീമിയര്‍ ലീഗിന് ശേഷം കാഠ്മണ്ഡുവില്‍ തിരിച്ചെത്തിയ സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ സന്ദീപ് നിഷേധിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം, 2023-ല്‍ സകോട്ട്‌ലാന്റിനും നമീബിയക്കുമൊപ്പമുള്ള ത്രിരാഷ്ട്ര പരമ്പരയില്‍ കളിക്കാനെത്തിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് സന്ദീപിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. സന്ദീപിന് കൈകൊടുക്കാന്‍ മറ്റു രണ്ടു രാജ്യങ്ങളിലെ ടീം അംഗങ്ങള്‍ തയ്യാറായില്ല. 2023-മുതല്‍ സന്ദീപ് നേപ്പാള്‍ ക്രിക്കറ്റ് ടീമില്‍ കളിക്കുന്നുണ്ട്. പതിനെട്ടുകാരിയെ കാഠ്മണ്ഡുവിലെ ഹോട്ടലിൽ വച്ചു പീഡിപ്പിച്ചെന്നാണ് ലാമിചാനെയ്ക്കെതിരായ കുറ്റം.

Be the first to comment

Leave a Reply

Your email address will not be published.


*