ഇന്ത്യൻ മരുന്നിന്റെ വിൽപനയും വിതരണവും നിരോധിച്ച് നേപ്പാൾ സർക്കാർ

ന്യൂഡൽഹി: ഇന്ത്യൻ മരുന്നിന്റെ വിൽപനയും വിതരണവും നിരോധിച്ച് നേപ്പാൾ സർക്കാർ. ബയോടാക്‌സ് 1 ഗ്രാം എന്ന ആൻ്റിബയോട്ടിക് കുത്തിവയ്‌പ്പിൻ്റെ വിൽപ്പനയും വിതരണവുമാണ് ഗുരുതര ആരോഗ്യ പ്രശ്ങ്ങളുണ്ടാക്കുമെന്ന് കാണിച്ച് നേപ്പാൾ സർക്കാർ ഡ്രഗ് കണ്ട്രോൾ ബോർഡ് താത്കാലികമായി നിർത്തിവെച്ചത്. ഇന്ത്യൻ സ്ഥാപനമായ സൈഡസ് ഹെൽത്ത്‌കെയർ ലിമിറ്റഡ് നിർമ്മിച്ച ഈ കുത്തിവയ്പ്പ് മരുന്ന് നേപ്പാളിലെ ദേശീയ ഡ്രഗ് റെഗുലേറ്ററി ബോഡി ലബോറട്ടറികളിൽ പരീക്ഷണത്തിന് വിധേയമാക്കിയതായും ഗുരുതര പ്രശ്‍നങ്ങൾ കണ്ടെത്തിയതായും നേപ്പാൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രസ്തുത മരുന്നിൻ്റെ വിൽപ്പനയും ഇറക്കുമതിയും വിതരണവും ഉടനടി താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർമ്മാണ കമ്പനിയോടും ഇറക്കുമതിക്കാരോടും വിതരണക്കാരോടും നിർദ്ദേശിച്ചതായി വകുപ്പ് വക്താവ് പ്രമോദ് കെസി പറഞ്ഞു. ആൻ്റിബയോട്ടിക്കിൽ ചില ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് തുടർനടപടികളെക്കുറിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്തിഷ്കം, ശ്വാസകോശം, ചെവി, ചർമ്മം, മൂത്രനാളം, രക്തം, എല്ലുകൾ, സന്ധികൾ, മൃദു കോശങ്ങൾ എന്നിവയെ ബാധിക്കുന്ന ബാക്ടീരിയ അണുബാധകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു ആൻറിബയോട്ടിക്കാണ് ബയോടാക്സ് 1 ഗ്രാം ഇഞ്ചക്ഷൻ. ലാബ് റിസൾട്ട് പ്രകാരം ആന്റിബയോട്ടിക്ക് ഉപയോഗത്തിന് സുരക്ഷിതമല്ലെന്നും രോഗികളുടെ ജീവൻ അപകടത്തിലാക്കുമെന്നും നേപ്പാളിലെ ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗം അറിയിച്ചു. ഇഞ്ചക്ഷൻ്റെ വിൽപന താൽക്കാലികമായി നിർത്തിവച്ചത് രോഗികളുടെ ചികിത്സയെ ബാധിക്കില്ലെന്ന് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ചികിത്സക്കായി അതേ ഘടനയിലുള്ളതും എന്നാൽ മറ്റ് കമ്പനികൾ നിർമ്മിച്ചതുമായ കുത്തിവയ്പ്പുകൾ വിപണിയിൽ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി വക്താവ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*