പുന്നത്തുറ ഗവ.യുപി സ്കൂളിന് പുതിയ കെട്ടിടം യാഥാർഥ്യമാകുന്നു

പുന്നത്തുറ : ഏറ്റുമാനൂർ പുന്നത്തുറ ഗവ. യു.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉടൻ യാഥാർഥ്യമാകും. കെട്ടിടത്തിന്റെ നിർമാണം രണ്ടാം ഘട്ടത്തിലേക്കു കടന്നു. രണ്ടാം നിലയുടെ കോൺക്രീറ്റിനുള്ള ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 2.17 കോടി രൂപ ചെലവിലാണു നിർമാണ പ്രവർത്തനങ്ങൾ. രണ്ടു നിലകളോടു കൂടിയ കെട്ടിടമാണ് ആദ്യ ഘട്ടത്തിൽ നിർമിക്കുക.

ഭാവിയിൽ ഒരു നില കൂടി നിർമിക്കാവുന്ന വിധമാണു രൂപകൽപന. എട്ടു ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമും സ്റ്റോർ റൂമും പുതിയ കെട്ടിടത്തിലുണ്ടാവും. ഒരു നൂറ്റാണ്ടിനപ്പുറം ചരിത്രം പേറുന്ന വിദ്യാലയമാണു പുന്നത്തുറ ഗവ.യുപി സ്കൂൾ. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നൂറു വർഷങ്ങളിലധികം പഴക്കമുള്ള കെട്ടിടങ്ങൾ പുതുക്കി പണിയാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു പുന്നത്തുറ സ്കൂളിലും പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്.

കെട്ടിട നിർമാണത്തിനു അനുമതി ലഭിച്ചിട്ടും ചില തടസ്സങ്ങളെ തുടർന്നു അഞ്ചു വർഷത്തോളം നടപടികൾ പൂർത്തിയാക്കാനോ തറക്കല്ലിടാനോ കഴിഞ്ഞിരുന്നില്ല.തുടർന്നു മന്ത്രി വി.എൻ.വാസവന്റെ ഇടപെടലിനെ തുടർന്നാണ് പദ്ധതിക്കു ജീവൻ വച്ചത്. കെട്ടിടത്തിന്റെ സിവിൽ വർക്ക് 1കോടി 27 ലക്ഷം, സാനിറ്ററി 6.15 ലക്ഷം, ഇലക്ട്രിക്കൽ വർക്കിനും സ്മാർട്ട് ക്ലാസ് റൂമിനുമായി 11.75 ലക്ഷം, അഗ്നിശമന സംവിധാനങ്ങൾക്കായി 10 ലക്ഷം എന്നിങ്ങനെയാണു തുക അനുവദിച്ചിരുന്നത്. ഇതോടൊപ്പം 32.29 ലക്ഷം രൂപ ചെലവിൽ സംരക്ഷണ ഭിത്തിയും നിർമിക്കും. പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ പഠന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുകയും ഇതുവഴി സ്കൂളിലേക്കു കൂടുതൽ വിദ്യാർഥികൾ എത്തുമെന്നു പ്രതീക്ഷിക്കുന്നതായും ഹെഡ്മാസ്റ്റർ ബിജോ ജോസഫ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*