തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് പരിഷ്കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവിൽ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവിംഗ് സ്കൂളുകളുടെ സമരത്തെതുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി ഇളവുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യൂണിയൻ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഡ്രൈവിംഗ് സ്കൂളുകളുടെ ആവശ്യപ്രകാരമുള്ള ഇളവുകള്‍ വരുത്തികൊണ്ട് പുതിയ സര്‍ക്കുലര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയത്.
പുതിയ സര്‍ക്കുലര്‍ പ്രകാരം പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30ല്‍ നിന്ന് 40 ആക്കി ഉയര്‍ത്തി. 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനങ്ങളില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന മുന്‍ ഉത്തരവ് നിബന്ധനയ്ക്ക് വിധേയമായി ഇളവ് വരുത്തി. ആറു മാസം കൂടി 15വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനം ഉപയോഗിക്കുന്നതിനാണ് പുതിയ സര്‍ക്കുലറില്‍ അനുമതി നല്‍കിയത്.
പുതിയ രീതിയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനുള്ള ഗ്രൗണ്ടും ട്രാക്കും സജ്ജമാകുന്നത് വരെ നിലവിലെ രീതിയില്‍ തന്നെ ഡ്രൈവിംഗ് ടെസ്റ്റ് നടത്താമെന്നും പുതിയ സര്‍ക്കുലറിലുണ്ട്. സര്‍ക്കുലര്‍ ഇറങ്ങിയതോടെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ നടത്തുന്നത് വീണ്ടും പുനരാരംഭിക്കാനാകും. സമരത്തെതുടര്‍ന്ന് ടെസ്റ്റുകള്‍ സംസ്ഥാനത്ത് നിര്‍ത്തിവെച്ചിരിക്കുകയാണ്.
പുതുക്കിയ സര്‍ക്കുലറിലെ ഇളവുകള്‍
1. പ്രതിദിനം 30 ടെസ്റ്റുകള്‍ എന്നത് 40 ആക്കി ഉയര്‍ത്തി നിശ്ചയിച്ചു. ഇതില്‍ 25 പേര്‍ പുതിയ അപേക്ഷകരും പത്ത് പേര്‍ റീ ടെസ്റ്റ് അര്‍ഹത നേടിയവരുമായിരിക്കും. ബാക്കി അഞ്ച് പേര്‍ വിദേശ ജോലി/പഠനം എന്നീ ആവശ്യാര്‍ത്ഥം പോകേണ്ടവര്‍, വിദേശത്ത് നിന്ന് അവധി എടുത്ത് അടിയന്തരമായി മടങ്ങി പോകേണ്ട പ്രവാസികള്‍ എന്നീ വിഭാഗങ്ങള്‍ക്കായി മാറ്റി വെയ്ക്കണം. ഇവരുടെ അഭാവത്തില്‍ ലേണേഴ്സ് ലൈസന്‍സ് കാലാവധി ഉടൻ അവസാനിക്കുന്നവരെ മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കണം (അതാത് ദിവസം രാവിലെ 11ന് മുന്‍പായി ഓഫീസ് മേധാവിക്ക് മുന്‍പാകെ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് അര്‍ഹത തീരുമാനിക്കണം).
- ഡ്രൈവിംഗ് ടെസ്റ്റിനുള്ള അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയാക്കി ഡിഎൽ ടെസ്റ്റ് കാൻഡിഡേറ്റ് ലിസ്റ്റ് ഒപ്പിട്ടതിനുശേഷം ആദ്യ പടിയായി കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 15 (3) അനുശാസിക്കുന്ന പ്രകാരം എവിഐ റോഡ് ടെസ്റ്റ് നടത്തണം. വിജയിക്കുന്നവര്‍ക്ക് എഎംവിഐ ഗ്രൗണ്ട് ടെസ്റ്റ് നടത്തണം. രണ്ടും പാസാകുന്നവര്‍ക്ക് ലൈസന്‍സ് അനുവദിക്കണം.
- ഇരട്ട നിയന്ത്രണ സംവിധാനം ഘടിപ്പിച്ച വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് അനുവദിക്കുന്നതല്ലെന്ന മുന്‍ നിര്‍ദേശത്തില്‍ ഇളവ്. ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരുത്തുന്നതിന് ഉത്തരവ് തീയതി മുതല്‍ മൂന്നു മാസം വരെ സാവകാശം അനുവദിച്ചു.
- മുന്‍ സര്‍ക്കുലറിലെ ഡാഷ് ബോര്‍ഡ് ക്യാമറ, വിഎല്‍ഡിസി എന്നിവ ഘടിപ്പിക്കാൻ ഉത്തരവ് തീയതി മുതല്‍ മൂന്ന് മാസം കൂടി ഇളവ് അനുവദിച്ചു.
- 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനങ്ങളില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന നിബന്ധനയ്ക്ക് ഉത്തരവ് തീയതി മുതല്‍ ആറു മാസം കൂടി ഇളവ് അനുവദിച്ചു.
- ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ അതേ ദിവസം തന്നെ വാഹനങ്ങളുടെ ഫിറ്റ്നെസ്സ് ടെസ്റ്റ് നടത്താൻ പാടില്ല
- മുന്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ച പ്രകാരമുള്ള പുതിയ ടെസ്റ്റ് ട്രാക്ക് സജ്ജമാക്കാൻ സാധിക്കാത്ത സ്ഥലങ്ങളില്‍ ആയത് സജ്ജമാകുന്നത് വരെ നിലവിലുള്ള രീതിയില്‍ തന്നെ ഡ്രൈവിംഗ് ടെസ്റ്റ് പാര്‍ട്ട് 1 (H) നടത്താം. നിര്‍ദിഷ്ട ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് എത്രയും വേഗം സജ്ജമാക്കണം.
- സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വരുന്ന സ്ഥലങ്ങളില്‍ പരമാവധി ടെസ്റ്റ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിന് ഗതാഗത കമ്മീഷണര്‍ ബന്ധപ്പെട്ട് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കണം.
Be the first to comment