‘കെട്ടിടത്തിന് ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ? പോസിറ്റീവ് എനർജി കിട്ടില്ല’: എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: ‘സിപിഎം പാർട്ടിയുടെ കളർ ചുവപ്പാണെന്നു നിങ്ങളോട് ആരാണ് പറഞ്ഞത്’? മാധ്യമ പ്രവർത്തകരോട് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്ററുടെ ചോദ്യം. ഏപ്രിൽ 23നു സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വാർത്താ സമ്മേളനത്തിലാണ് കെട്ടിടത്തിന്റെ കളർ സംബന്ധിച്ചു ചോദ്യമുയർന്നത്. കെട്ടിടത്തിന്റെ ഉള്ളിൽ ആരെങ്കിൽ ചുവപ്പ് പെയിന്റ് അടിക്കാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

കെട്ടിടത്തിനു കാവി കളറാണെന്ന അഭിപ്രായമുയർന്നതു സംബന്ധിച്ചായിരുന്നു ചോദ്യം. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ-

‘ഞാൻ പറഞ്ഞില്ലേ പോസിറ്റിവായ കാര്യങ്ങൾ മാത്രം ചർച്ച ചെയ്താൽ മതി. വാസ്തു ശിൽപ്പത്തെപറ്റി ധാരണ ഇല്ലാത്ത ആളുകൾ നിരവധിയായ കാര്യങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും. അതൊക്കെ ആധുനിക കളറാണ്. പാർട്ടി കളർ ചുവപ്പാണെന്നു നിങ്ങളോട് ആരാണ് പറഞ്ഞത്. കൊടിയുടെ കളറല്ലല്ലോ പാർട്ടി എന്നു പറയുന്നത്. കെട്ടിടത്തിന്റെ ഉള്ളിൽ ആരെങ്കിലും ചുവപ്പടിക്കാറുണ്ടോ. മനഃശാസ്ത്രപരമായി അടിക്കാൻ പറ്റുന്ന ഏറ്റവും നല്ല നിറം എതാണ്. പോസിറ്റീവ് എനർജി കിട്ടുന്ന നിറം ഏതാണ് എന്നാണു ചോദിച്ചത്. അതു ചുവപ്പല്ല. അതല്ല എന്നു എല്ലാവർക്കും അറിയാമല്ലോ’- അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പണി പൂർത്തിയായ വരികയാണെന്നും ഏപ്രിൽ 23നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എകെജി സെന്റർ എന്നു തന്നെയാവും പുതിയ 9 നില ആസ്ഥാന മന്ദിരത്തിന്റെ പേര്. നിലവിലെ കെട്ടിടം എകെജി പഠന ​ഗവേഷണ കേന്ദ്രമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന കമ്മിറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും സൗകര്യപ്രദമായ തരത്തിലാണ് പുതിയ മന്ദിരത്തിന്റെ നിർമാണം. വാർത്താ സമ്മളനത്തിനുള്ള ഹാൾ, സംസ്ഥാന കമ്മിറ്റി ഓഫീസ്, യോ​ഗം ചേരാനുള്ള സൗകര്യം, സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രത്യേക മുറി, ഹാളുകൾ, സെക്രട്ടേറിയറ്റ് അം​ഗങ്ങൾക്കെല്ലാം ഓഫീസ് മുറികൾ, പിബി അം​ഗങ്ങൾക്കുള്ള സൗകര്യങ്ങൾ, പരിമിതമായ താമസ സൗകര്യങ്ങൾ എന്നിവ പുതിയ ആസ്ഥാന മന്ദിരത്തിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാഹന പാർക്കിങിനു രണ്ട് ഭൂ​ഗർഭ നിലകൾ ഒരുക്കിയിട്ടുണ്ട്. പ്രമുഖ വാസ്തു ശിൽപ്പി എൻ മഹേഷാണ് കെട്ടിടത്തിന്റെ രൂപകൽപ്പന. നിലവിലെ ആസ്ഥാനമായ പാളയത്തെ എകെജി സെന്ററിനു എതിർവശത്തു വാങ്ങിയ 32 സെന്റിലാണ് 9 നിലകളുള്ള പുതിയ കെട്ടിടം. നിർമാണത്തിനായി പാർട്ടി കഴിഞ്ഞ വർഷം പണപ്പിരിവ് നടത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് അദ്ദേഹത്തിന്റെ പേരിൽ 6.5 കോടി രൂപ ചെലവിൽ പുതിയ ആസ്ഥാന മന്ദിരത്തിനായി സ്ഥലം വാങ്ങിയത്. 2022ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടത്തിനു തറക്കല്ലിട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*