മന്ത്രിമാര്‍ക്ക് പുത്തന്‍ ഇന്നോവ ക്രിസ്റ്റ: 1.30 കോടി അനുവദിച്ചു

സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങുന്നതിനായി 1.30 കോടി അനുവദിച്ചു. മന്ത്രിമാരായ ജി.ആര്‍.അനില്‍, വി.എന്‍. വാസവന്‍, വി. അബ്ദുറഹ്മാൻ, ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് എന്നിവര്‍ക്കാണ് പുത്തന്‍ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നത്. നേരത്തെ ഈ മാസം 10 ന് പുതിയ വാഹനം വാങ്ങാന്‍ ഭരണാനുമതി നല്‍കിയിരുന്നു. ടൂറിസം വകുപ്പാണ് തുക അനുവദിച്ചിരിക്കുന്നത്. മന്ത്രിമാര്‍ അവര്‍ ഉപയോഗിച്ചു വരുന്ന പഴയ വാഹനം ടൂറിസം വകുപ്പിന് തിരികെ നല്‍കണം. വാഹനങ്ങള്‍ പഴക്കം ചെന്നതിനാലാണ് പുതിയത് വാങ്ങാന്‍ അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 

മന്ത്രിമാര്‍ക്ക് വാഹനങ്ങള്‍ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന്റെ നിലവിലുള്ള വാഹനങ്ങള്‍ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം ധനകാര്യ വകുപ്പ് വാഹനങ്ങള്‍ വാങ്ങുന്നതിനെ എതിര്‍ത്തിരുന്നു.

നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം രേഖപ്പെടുത്തി ഫയല്‍ സമര്‍പ്പിക്കാന്‍ ധനവകുപ്പ് ടൂറിസം വകുപ്പിനോടാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മന്ത്രിമാര്‍ സമര്‍പ്പിച്ച ആവശ്യം കൂടി പരിഗണിച്ചാണ് 5 വാഹനങ്ങള്‍ വാങ്ങാൻ ധനവകുപ്പ് അനുമതി നല്‍കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*