മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി തീവ്രന്യൂനമര്‍ദവും കേരള തീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെ പുതിയ ന്യൂനമര്‍ദപാത്തിയും രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കു ദിശയില്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തേക്ക് സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങി നാളെ വൈകുന്നേരത്തോടെ പുരിക്കും (ഒഡിഷ), ദിഗക്കും (പശ്ചിമ ബംഗാള്‍) ഇടയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത.
തുടര്‍ന്ന് ഒഡിഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യത. ഇതോടൊപ്പമാണ് കേരള തീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെ പുതിയ ന്യൂനമര്‍ദപാത്തിയും രൂപപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ 10 വരെ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടുക്കി, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.
ഇന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പത്താം തീയതിയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇന്നും നാളെയും ശ്രീലങ്കന്‍ തീരം, തെക്കന്‍ ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്.
ഗള്‍ഫ് ഓഫ് മാന്നാര്‍,തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങള്‍ അതിനോട് ചേര്‍ന്ന വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടലിന്റെ ഭാഗങ്ങള്‍, സൊമാലിയന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
ആന്ധ്രാപ്രദേശ് – ഒഡിഷ – പശ്ചിമബംഗാള്‍ തീരം, അതിനോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയും പറയുന്നു.
Be the first to comment