മോഹൻലാലിനൊപ്പം എമ്പുരാൻ, വിക്രത്തിനൊപ്പം വീര ധീര സൂരൻ പിന്നെ ടോവിനോ-ചേരൻ എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട് ; ‘നരിവേട്ട’യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ നരിവേട്ടയിൽ പോലീസ് കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു. ചിത്രത്തിൽ ബഷീർ മുഹമ്മദ് എന്ന പോലീസ് ഉദ്യോഗസ്ഥനായെത്തുന്ന സുരാജിന്റെ ആദ്യ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. മനു അശോകൻ സംവിധാനം ചെയ്‌ത കാണെക്കാണെ എന്ന ചിത്രത്തിലൂടെ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ടോവിനോ – സുരാജ് കോമ്പോക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ച എമ്പുരാൻ റിലീസ് ചെയ്യാനിരിക്കെയാണ് നരിവേട്ട പോസ്റ്റർ എത്തിയിരിക്കുന്നത്.രണ്ടു പതിറ്റാണ്ടുകാലം തിയേറ്ററുകളിലും ടെലിവിഷനിലും മിമിക്രി സ്റ്റേജുകളിലുമായി പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച സുരാജ് വെഞ്ഞാറമൂട് അൻവർ റഷീദ് സം‌വിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ചു കൊണ്ടാണ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുന്നത്. 2002ൽ പുറത്തിറങ്ങിയ ജഗപൊഗയാണ് ആദ്യ സിനിമയെങ്കിലും രസതന്ത്രം, തുറുപ്പുഗുലാൻ, ക്ലാസ്സ്മേറ്റ്സ്, മായാവി തുടങ്ങിയ നിരവധി സിനിമകളിൽ ഹാസ്യവേഷം ചെയ്യുകയും തസ്കരലഹള എന്ന ചിത്രത്തിലൂടെ ആദ്യമായി നായക വേഷത്തിലെത്തുകയുമുണ്ടായി. തുടർന്ന് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് 2009ലും 2010ലും തുടർച്ചയായി നേടി. ഹാസ്യ വേഷത്തിൽ നിന്ന് പതിയെ ഗൗരവ വേഷങ്ങളിലേക്കു മാറി തുടങ്ങിയതോടെ മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്മാരിൽ ഒരാളായി മാറുകയും, ഡോക്ടർ ബിജു സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ പേരറിയാത്തവർ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയും ചെയ്തു. തുടർന്ന് തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ഫൈനൽസ്, ഡ്രൈവിംഗ് ലൈസൻസ്, ദി ഗ്രേറ്റിന്ത്യൻ ‌കിച്ചൺ എന്നീ  ചിത്രങ്ങളൊക്കെ സുരാജിന്റെ കരിയർ ഗ്രാഫുയർത്തുകയും മികച്ച സ്വഭാവനടനെന്ന പേര് ഈ ചിത്രങ്ങളിലൂടെയെല്ലാം സുരാജ് നേടിയെടുക്കുകയും ചെയ്തു. 2019-ൽ ആൻഡ്രോയിഡ് കുഞ്ഞപ്പൻ പതിപ്പ് 5.25 , വികൃതി എന്നിവയ്ക്ക് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടി.

മോഹന്‍ലാല്‍ ചിത്രം എമ്പുരാനുമായി ക്ലാഷ് റിലീസ് വച്ച് വിക്രം നായകനായെത്തുന്ന എസ് യു അരുണ്‍ കുമാർ സംവിധാനം ചെയ്യുന്ന വീര ധീര സൂരൻ ആണ് സുരാജ്ന്റേതായി പുറത്തു വരാനിരിക്കുന്ന മറ്റൊരു ചിത്രം. സുരാജ് വെഞ്ഞാറമൂട് ആദ്യമായഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് വീര ധീര സൂരൻ. സ്റ്റേജ് പ്രോഗ്രാമുകളിലും അഭിമുഖങ്ങളിലുമെല്ലാം കൗണ്ടറടിച്ച് ആളുകളെ കയ്യിലെടുക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെ കൗണ്ടറുകളുടെ ആരാധകനായി  നടൻ വിക്രം മാറി കഴിഞ്ഞതും ഇതിനോടകം വാർത്തയായി കഴിഞ്ഞിട്ടുണ്ട്.

മികച്ച സിനിമകളിലൂടെ ഇന്ന് മലയാളം – തമിഴ് ഇൻഡസ്ട്രിയുടെ ഭാഗമായി കഴിഞ്ഞ സുരാജ് വെഞ്ഞാറമൂടിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മാറും നരിവേട്ടയിലെ ബഷീർ മുഹമ്മദ് എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും അണിയറ പ്രവർത്തകരും.

ചേരൻ, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെതാരനിരയിലുണ്ട്. കുട്ടനാട്ടിൽ ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലും ആയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്റും – അരുൺ മനോഹർ, മേക്ക് അപ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ,പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Be the first to comment

Leave a Reply

Your email address will not be published.


*