ആകർഷകമായ ലുക്കിൽ പുതിയ മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ്: വിലയും ഫീച്ചറുകളും അറിയാം

ഹൈദരാബാദ്ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ് പുതിയ ഇ-ക്ലാസ് ബെൻസ് പുറത്തിറക്കി. ആറാം തലമുറ കാർ എൽഡബ്ല്യുബി രൂപത്തിലും ആർഎച്ച്ഡി ഫോർമാറ്റിലും ലഭിക്കുന്നത് ഇന്ത്യൻ വിപണിയിലാണെന്നത് വളരെ ശ്രദ്ധേയമാണ്. പുതിയ ഇ-ക്ലാസ് ബെൻസിന്‍റെ വില 78.50 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിനുകളുള്ള മൂന്ന് വേരിയന്‍റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് E 200, E 220 d, E 450 4MATIC എന്നീ വേരിയന്‍റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഇ ക്ലാസിന് 2.0-ലിറ്റർ ടർബോ-പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും നൽകിയിട്ടുണ്ട്. ഈ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും 9-സ്‌പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ജോടിയാക്കിയിട്ടുണ്ട്.

എക്‌സ്റ്റീരിയർ ഡിസൈൻ

ആകർഷകമായ ലുക്കിലാണ് മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസിന്‍റെ എക്‌സ്റ്റീരിയർ ഡിസൈൻ നൽകിയിരിക്കുന്നത്. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫ്ലഷ്-ഫിറ്റിങ് ഡോർ ഹാൻഡിലുകൾ, ത്രീ-പോയിന്‍റ് സ്റ്റാർ ഡിസൈനുള്ള പുതിയ ഗ്രിൽ, 3D സ്റ്റാർ ഡിസൈൻ എൽഇഡി ടെയിൽലൈറ്റുകൾ, 18-ഇഞ്ച് ഫ്രണ്ട് ഹെഡ്‌ലൈറ്റുകൾ, സ്പോക്ക് അലോയ് വീലുകൾ എന്നിങ്ങനെ നിരവധി ഫീച്ചറുകളാണ് നൽകിയിരിക്കുന്നത്. ഹൈടെക് സിൽവർ, ഗ്രാഫൈറ്റ് ഗ്രേ, പോളാർ വൈറ്റ്, ഒബ്‌സിഡിയൻ ബ്ലാക്ക്, നോട്ടിക് ബ്ലൂ എന്നിങ്ങനെ അഞ്ച് കളർ ഓപ്‌ഷനുകളിൽ മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് E 200 ലഭ്യമാണ്.

ഇന്‍റീരിയർ ഡിസൈൻ

ഇന്‍റീരിയർ ഡിസൈനിനെ കുറിച്ച് പറയുമ്പോൾ, 14.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പുതിയ MBUX സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ വെന്‍റ് കൺട്രോൾ, റിയർ സീറ്റ് റിക്‌ലൈൻ ഫങ്‌ഷൻ എന്നിങ്ങനെ നിരവധി ഓപ്‌ഷനുകൾ നൽകിയിട്ടുണ്ട്. കൂടാതെ പുതിയ ഇ-ക്ലാസ് വേരിയന്‍റുകൾക്ക് 64-കളർ ആംബിയന്‍റ് ലൈറ്റിങ്, നോരമിക് സൺറൂഫ്, എല്ലാ ഡോറുകൾക്കും പവർ ക്ലോസിങ് ഫങ്‌ഷൻ, ബർമെസ്റ്റർ-സോഴ്‌സ്‌ഡ് മ്യൂസിക് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും നൽകിയിട്ടുണ്ട്.

മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് E 200 വേരിയന്‍റിന്‍റെ വിൽപ്പന ഇന്നലെ (ഒക്‌ടോബർ 9) തന്നെ ആരംഭിച്ചിരുന്നു. എന്നാൽ E 220 d വേരിയന്‍റിന്‍റെ വിൽപ്പന ദീപാവലി ആകുമ്പോഴേക്കും മാത്രമേ ആരംഭിക്കുകയുള്ളൂവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. E 450യുടെ വിൽപ്പന നവംബർ മാസത്തിന്‍റെ തുടക്കത്തിൽ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇ-ക്ലാസ് ബിഎംഡബ്ല്യു 5 സീരീസ്, ഔഡി എ6 എന്നീ വാഹനങ്ങളുമായി ആയിരിക്കും പുതിയ മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് മോഡലുകൾ ഇന്ത്യണ വിപണിയിൽ മത്സരിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*