ഇഡിയെയും സിബിഐയെയും നിയന്ത്രിക്കാന്‍ പുതിയ തസ്തിക; ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസര്‍ ഓഫ് ഇന്ത്യ രൂപികരിക്കാന്‍ കേന്ദ്രം

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് മാതൃകയില്‍ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസര്‍ ഇന്ത്യ എന്ന തസ്തിക രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. സിബിഐ, ഇഡി എന്നീ അന്വേഷണ ഏജന്‍സികളുടെ തലവന്മാര്‍ പുതിയ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലാണ് തസ്തിക നിലവില്‍ വരിക. സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് ഇഡി തലവന്‍ സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനാകുന്ന സഞ്ജയ് മിശ്രയായിരിക്കും രാജ്യത്തെ ആദ്യത്തെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസര്‍ എന്നാണ് സൂചന. പുതിയ ഇൻവെസ്റ്റിഗേഷൻ ഓഫീസര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരിട്ടുള്ള കീഴിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇഡി പ്രാഥമികമായി സാമ്പത്തിക തട്ടിപ്പുകേസുകളും കള്ളപ്പണ കേസുകളുമാണ് അന്വേഷിക്കുന്നത്. അഴിമതി ഉള്‍പ്പെടെയുള്ള സാമ്പത്തിക കേസുകള്‍ സിബിഐയും അന്വേഷിക്കുന്നു. അതുകൊണ്ട് തന്നെ രണ്ട് ഏജന്‍സികളും നടത്തുന്ന അന്വേഷണം ഏതൊക്കെ മേഖലകളിലാണെന്ന് കൃത്യമായി വേര്‍തിരിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം ഉണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ട് ഏജന്‍സികളും ഒരു ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ കഴിയുമെന്ന വാദമാണ് പുതിയ തസ്തികയ്ക്ക് വേണ്ടി ഉന്നയിക്കപ്പെടുന്നത്. രണ്ട് ഏജന്‍സികളും ചേര്‍ന്നുള്ള പ്രവര്‍ത്തനത്തെ പുതിയ തസ്തിക സഹായിക്കുമെന്നുമാണ് സര്‍ക്കാര്‍ വാദം.

കേന്ദ്ര സര്‍ക്കാരിലെ സെക്രട്ടറിയുടെ പദവിയായിരിക്കും പുതിയ ഇൻവെസ്റ്റിഗേഷൻ ഓഫീസര്‍ക്കുണ്ടാവുക. അടുത്തമാസം 15-ാം തീയതിവരെയാണ് സഞ്ജയ് മിശ്ര ഇഡിയുടെ തലപ്പത്തുണ്ടാവുക. ഇദ്ദേഹത്തിന്റെ കാലവധി നീട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് സുപ്രീം കോടതിയാണ് തടയിട്ടത്. രണ്ട് തവണ നേരത്തെ ഇദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കിയിരുന്നു. പുതിയ തസ്തിക നിലവില്‍വന്നാലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റവന്യു വകുപ്പിന്റെ കീഴില്‍ തുടരും.

Be the first to comment

Leave a Reply

Your email address will not be published.


*