പോലീസുകാരുടെ ഔദ്യോഗികവും മാനസികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ‘കാവല്‍ കരുതല്‍’ എന്ന പേരില്‍ പുതിയ പദ്ധതി

തിരുവനന്തപുരം : പോലീസുകാരുടെ ഔദ്യോഗികവും മാനസികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ‘കാവല്‍ കരുതല്‍’ എന്ന പേരില്‍ പുതിയ പദ്ധതി. സ്‌റ്റേഷന്‍ തലത്തില്‍ രൂപീകരിക്കുന്ന സമിതിയില്‍ എഡിജിപി തലത്തില്‍ വരെയുള്ള പോലീസുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇനി നേരിട്ട് പരാതി ബോധിപ്പിക്കാം.

പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗികവും വ്യക്തിപരവും സര്‍വ്വീസ് സംബന്ധവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. ഇതിലൂടെ മെച്ചപ്പെട്ട ജോലി സാഹചര്യം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കുലറില്‍ പറയുന്നു. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന സമിതിയില്‍ എസ്എച്ച്ഒ, റൈറ്റര്‍, ഒരു വനിതാ ഉദ്യോഗസ്ഥ എന്നിവരേക്കൂടാതെ അതത് സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും പോലീസ് അസോസിയേഷന്‍ പ്രതിനിധിയും ഉള്‍പ്പെടും.

എല്ലാ വെള്ളിയാഴ്ചയും സമിതി യോഗം ചേരണം. ഈ യോഗത്തില്‍ പരാതികള്‍ ഉന്നയിക്കാം. അന്ന് തന്നെ തീര്‍പ്പാക്കാന്‍ കഴിയുന്നവ ആണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കണം. പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ പരാതി തീര്‍പ്പാക്കണം.

സ്‌റ്റേഷന്‍ തലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയാത്ത പരാതികള്‍ ജില്ലാ പോലീസ് മേധാവിക്ക് അയക്കണം. അവിടെയും തിങ്കളാഴ്ചകളില്‍ ഈ രീതിയില്‍ പരാതിക്കാരെയും കുടുംബാംഗങ്ങളെയും കേള്‍ക്കാന്‍ എസ്പി അടക്കം എല്ലാവരും ഒന്നിച്ചിരിക്കും. എസ്പിക്ക് അസൗകര്യം ഉണ്ടായാല്‍ മറ്റാരെയും ഏല്‍പിക്കരുത്. സൗകര്യപ്രദമായ ഏറ്റവുമടുത്ത സമയം നിശ്ചയിക്കണമെന്നും നിര്‍ദേശമുണ്ട്. ലഭിച്ച പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ അറിയിക്കുകയും വേണം.

Be the first to comment

Leave a Reply

Your email address will not be published.


*