രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിനായി പതിവായി ആശുപത്രികളെയും ക്ലിനിക്കുകളെയും ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പ്രമേഹ രോഗികളും. എന്നാൽ ഇനിമുതൽ ആശുപത്രികളിൽ പോകുന്നതിന് പകരം വളരെ എളുപ്പത്തിൽ വീട്ടിൽ നിന്ന് തന്നെ പരിശോധിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് വാട്ടർലൂ സർവകലാശാലയിലെ ഗവേഷകർ.
സൂചികൾ ഉപയോഗിക്കാതെ തന്നെ കൈത്തണ്ടയിൽ റഡാർ ചിപ്പ് ഘടിപ്പിച്ച സ്‌മാർട്ട് വാച്ച് ധരിച്ചുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി മനസിലാക്കാൻ സാധിക്കും. വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളുള്ള പ്രമേഹ രോഗികൾക്ക് വീട്ടിൽ നിന്ന് തന്നെ ഗ്ലുക്കോസിന്‍റെ അളവ് നിരീക്ഷിക്കാൻ സഹായിക്കുന്നതിനാണ് ഗവേഷകർ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
നിലവിൽ പ്രമേഹരോഗികൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മനസിലാക്കുന്നതിന് സൂചികളോ മൈക്രോ സൂചികളോ ഉപയോഗിക്കേണ്ടതുണ്ട്. ഇത് ചെറിയ രീതിയിലെങ്കിലും വേദനയുണ്ടാക്കുന്നതാണ്. എന്നാൽ പുതിയ പരിശോധ രീതി ഇതിൽ നിന്നും വ്യത്യസ്‌തമാണ്. ഇത് വേദന രഹിതവും അണുബാധയ്ക്കുള്ള സാധ്യത ഇല്ലാതാക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് മുമ്പത്തേക്കാൾ കൃത്യമായി മനസിലാക്കാൻ റഡാർ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്ന് വാട്ടർലൂയിലെ ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെൻ്റിലെ അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ. ജോർജ്ജ് ഷേക്കർ പറയുന്നു.
“ഭൂമിയുടെ അന്തരീക്ഷം നിരീക്ഷിക്കാൻ റഡാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. അതെ പോലെ റഡാർ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശരീരത്തിലെ മാറ്റങ്ങൾ മനസിലാക്കുന്ന രീതിയാണ് തങ്ങൾ കണ്ടെത്തിയതെന്ന്” അദ്ദേഹം കൂട്ടിച്ചേർത്തു. റഡാർ ചിപ്പ്, എഞ്ചിനീയറിംഗ് മെറ്റാസർഫേസ്, മൈക്രോകൺട്രോളറുകൾ എന്നിവയാണ് ഈ സിസ്റ്റത്തിൻ്റെ പ്രധാന ഘടകങ്ങൾ. രക്തത്തിലെ പഞ്ചരയുടെ അളവിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കണ്ടെത്താൻ ഈ ഉപകരണത്തിന് കഴിയുമെന്ന് ഷേക്കർ പറയുന്നു. രക്തപ്രവാഹവുമായി നേരിട്ട് ബന്ധപ്പെടാതെ മറ്റൊരു സാങ്കേതികവിദ്യയ്ക്കും ഇത്രയും കൃത്യത നൽകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Be the first to comment