മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പിടി വീഴും; പ്രത്യേക സ്‌ക്വാഡ്; കൊച്ചിയില്‍ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ; ആയിരം പോലീസുകാര്‍

കൊച്ചി: പതുവത്സരാഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച കൊച്ചിയില്‍ കര്‍ശന സുരക്ഷ ഒരുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. കൊച്ചിയില്‍ വിപുലമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തുമെന്നും 1000 പോലീസുകാരെ ഫോര്‍ട്ട് കൊച്ചി മേഖലയില്‍ മാത്രം വിന്യസിക്കുമെന്നും കമ്മീഷ്ണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുതുവര്‍ഷത്തലേന്ന് കൊച്ചിയിലെത്തുന്നവര്‍ക്ക് പാര്‍ക്കിങ്ങിനു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലേക്ക് നേരിട്ട് ബസ് സര്‍വീസ് വൈകിട്ട് നാലു മണി വരെ മാത്രമേ ഉണ്ടാകുകയുള്ളു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ സ്‌ക്വാഡ് രൂപീകരിക്കും. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളിഗ്രൗണ്ടില്‍ പൊലീസ് കണ്‍ട്രോള്‍ റൂം ഉണ്ടായിരിക്കുമെന്നും കോസ്റ്റല്‍ പോലീസും നിരീക്ഷണത്തിനുണ്ടാകുമെന്നും കമ്മീഷണര്‍ പറഞ്ഞു.

ഫോര്‍ട്ട് കൊച്ചി ഏഴ് മണിവരെ റോ-റോ സര്‍വീസ് ഉണ്ടാകുയുള്ളു. ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാട്ടര്‍ മെട്രോ സര്‍വീസും ഏഴുമണിവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കു ശേഷം തിരിച്ചു പോകുന്നവര്‍ക്കായി ഗതാഗത സംവിധാനം ഒരുക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഫോര്‍ട്ട് കൊച്ചിയില്‍ താമസിക്കുന്നവരുടെ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതായി കണ്ടിട്ടുണ്ട്. അവയെല്ലാം പ്രത്യേക പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് മാറ്റും. പുറമെ നിന്നെത്തുന്നവര്‍ക്കായി ഫോര്‍ട്ട് കൊച്ചിയില്‍ പതിനെട്ട് പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ ഒരുക്കും. അവിടെ പാര്‍ക്കിങ് ഫില്‍ ആയാല്‍ മട്ടാഞ്ചേരിയിലും പാര്‍ക്കിങ് സൗകര്യം ഒരുക്കും. അവിടെയും വാഹനങ്ങള്‍ നിറഞ്ഞാല്‍ ബിഒടി പാലം വഴി വാഹനങ്ങള്‍ കടത്തിവിടില്ലെന്നും കമ്മീഷണര്‍ അറിയിച്ചു .

 

Be the first to comment

Leave a Reply

Your email address will not be published.


*