പുതുവത്സരം ‘ആഘോഷി’ക്കാന്‍ സൈബർ കുറ്റവാളികൾ; ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

ഹൈദരാബാദ്: ലോകമെങ്ങും പുതുവത്സരത്തെ വരവേല്‍ക്കാനിരിക്കെ വന്‍ തട്ടിപ്പിന് ഇരയാകാതിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കുകയാണ് പൊലീസ്. പുതുവത്സരാഘോഷത്തിന്‍റെ ആവേശം മുതലെടുത്ത് സൈബർ കുറ്റവാളികള്‍ സജീവമായി രംഗത്തുണ്ട്. ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അശ്രദ്ധയുണ്ടായാല്‍ വന്‍ സാമ്പത്തിക നഷ്‌ടത്തിന് ഇടയാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

പുതുവത്സര തട്ടിപ്പിന്‍റെ രീതി

പുതുവത്സരത്തില്‍ ആശംസകൾ കൈമാറുന്നത് സാധാരണമാണ്. ഉറ്റവര്‍ക്ക് അയക്കാനുള്ള സന്ദേശങ്ങളും ചിത്രങ്ങളും ഉണ്ടാക്കാന്‍ സഹായിക്കാം എന്ന വാഗ്‌ദാനത്തോടെ ഫോണിലേക്ക് വരുന്ന ലിങ്കുകളിലാണ് തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നത്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടും.

കെണിയിൽ അകപ്പെടുന്ന ഉപയോക്താക്കളുടെ ഫോണില്‍ ഒരു ആൻഡ്രോയിഡ് പാക്കേജ് കിറ്റ് (APK) ഫയൽ അവര്‍ അറിയാതെ ഡൗൺലോഡ് ആകും. ഇത് ഒരു സ്പൈ ആപ്ലിക്കേഷന്‍റെ രൂപമാണ്.

ഇൻസ്റ്റാള്‍ ചെയ്‌തു കഴിഞ്ഞാൽ ഫോണിലെ സുപ്രധാന വിവരങ്ങളിലേക്ക് ആപ്ലിക്കേഷൻ കടന്നു ചെല്ലും. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ഫോട്ടോകളും വീഡിയോകളും, ഫോണിലെ നമ്പറുകൾ, രഹസ്യ ഫയലുകൾ എന്നിവയെല്ലാം സൈബര്‍ കുറ്റവാളികള്‍ക്ക് ലഭിക്കും.

ഇനിയുള്ള ദിവസങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത കുറച്ച് ദിവസങ്ങളിൽ ഇത്തരം ലിങ്കുകൾ സൈബർ കുറ്റവാളികൾ കൂടുതലായി പ്രചരിപ്പിക്കുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. അറിയാവുന്ന കോൺടാക്റ്റുകളിൽ നിന്നാണെങ്കില്‍ പോലും സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് വിദഗ്‌ധര്‍ മുന്നറിയിപ്പ് നൽകുന്നു.

എങ്ങനെ തട്ടിപ്പില്‍ നിന്ന് രക്ഷപെടാം?

  • അജ്ഞാതവും സംശയാസ്‌പദവുമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് വ്യക്തിഗതമായി പുതുവത്സര ആശംസകൾ വാഗ്‌ദാനം ചെയ്യുന്നവ.
  • സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽ നിന്ന് APK ഫയലുകൾ ഡൗൺലോഡ് ചെയ്യരുത്.
  • നിങ്ങളുടെ ഫോണിൽ വിശ്വസനീയമായ ആന്‍റിവൈറസ് സോഫ്‌റ്റ്‌വെയർ മാത്രം ഉപയോഗിക്കുക. അത് പതിവായി അപ്‌ഡേറ്റ് ചെയ്യുക.
  • ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ നൽകുന്നതിന് മുമ്പ് സന്ദേശങ്ങളുടെ ഉറവിടം പരിശോധിക്കുക.
  • സംശയാസ്‌പദമായ പ്രവർത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ സൈബർ ക്രൈം അധികാരികളെ ഉടൻ അറിയിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*