
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ്- ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. വിജയത്തിലേക്ക് ഏഴ് വിക്കറ്റുകളും രണ്ട് ദിവസവും നില്‍ക്കേ 258 റണ്‍സാണ് കിവികള്‍ക്ക് വേണ്ടത്.
56 റണ്‍സുമായി രച്ചിന്‍ രവീന്ദ്രയും 12 റണ്‍സുമായി ഡാരില്‍ മിച്ചലുമാണ് ന്യൂസിലന്‍ഡിനായി ക്രീസിലുള്ളത്. ടോം ലഥാം (8), കെയ്ന്‍ വില്ല്യംസണ്‍ (9), വില്‍ യങ് (15) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ പുറത്തായത്.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 383 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് വെറും 179 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 164 റണ്‍സാണ് ഓസ്‌ട്രേലിയയ്ക്ക് നേടാനായത്. വെറും 37 റണ്‍സിനിടെ ഓസീസിൻ്റെ അവസാന ആറ് വിക്കറ്റുകളും വീഴ്ത്താനായിട്ടും ന്യൂസിലന്‍ഡിന് മുന്‍തൂക്കം നേടാനായിട്ടില്ല.
രണ്ടാം ഇന്നിങ്‌സില്‍ ചെറിയ സ്‌കോറില്‍ ഓസീസിനെ ഒതുക്കി ന്യൂസിലന്‍ഡ് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഗ്ലെന്‍ ഫിലിപ്‌സാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. 16 ഓവറില്‍ 45 റണ്‍സ് വഴങ്ങിയാണ് ഗ്ലെന്‍ ഫിലിപ്‌സിൻ്റെ വിക്കറ്റ് വേട്ട. മാറ്റ് ഹെന്റി മൂന്ന് വിക്കറ്റും ക്യാപ്റ്റന്‍ ടിം സൗത്തി രണ്ട് വിക്കറ്റും വീഴ്ത്തി.
Be the first to comment