കുടിയേറ്റം സർവകാല റെക്കോർഡില്‍; വിസ നിയമങ്ങള്‍ കടുപ്പിക്കാന്‍ ന്യൂസിലന്‍ഡ്

വിസ സമ്പ്രദായം പുനഃപരിശോധിക്കാനും കുടിയേറ്റ നിയമങ്ങള്‍ കർശനമാക്കാനും ന്യൂസിലന്‍ഡ്. കഴിഞ്ഞ വർഷം ന്യൂസിലന്‍ഡിലേക്കുള്ള കുടിയേറ്റം സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നീക്കം. കഴിഞ്ഞ വർഷം മാത്രം 1.73 ലക്ഷം പേരാണ് രാജ്യത്തേക്ക് കുടിയേറിയത്. സുസ്ഥിരമല്ലാത്ത കുടിയേറ്റത്തിന് കാരണമായെന്ന് വിമർശിക്കപ്പെടുന്ന വിസ സമ്പ്രദായം രാജ്യം പുതുക്കുന്നത്. കോവിഡ് മൂലം തൊഴിലാളുടെ എണ്ണത്തിലുണ്ടായ കുറവ് നികത്താന്‍ 2022ല്‍ അവതരിപ്പിച്ച അംഗീകൃത തൊഴിലുടമ തൊഴിലാളി വിസ (എഇഡബ്ല്യുവി), താല്‍ക്കാലിക തൊഴില്‍ വിസ എന്നിവയിലെ മാറ്റങ്ങള്‍ ഇമിഗ്രേഷന്‍ മന്ത്രി എറിക്ക് സ്റ്റാന്‍ഫോർഡ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.

അവിദഗ്ദ ജോലികള്‍ക്കും ഇംഗ്ലീഷ് ഭാഷ ആവശ്യകത, പരിചയസമ്പത്ത് എന്നിവയാണ് തൊഴിലുടുമ തൊഴില്‍ വിസകളില്‍ വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങള്‍. ഇത്തരം തൊഴിലിനായി രാജ്യത്ത് എത്തുന്നവരുടെ താമസ കാലാവധി അഞ്ച് വർഷത്തില്‍ നിന്ന് മൂന്നാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. മാറ്റങ്ങള്‍ ഉടനടി പ്രാബല്യത്തിലാക്കുമെന്നും ഇമിഗ്രേഷന്‍ മന്ത്രി വ്യക്തമാക്കി.

“ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകർഷിക്കുന്നതിലും നിലനിർത്തുന്നതിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തൊഴിലാളികളുടെ കുറവില്ലാത്ത മേഖലകളില്‍ ന്യൂസിലന്‍ഡ് പൗരന്മാർക്ക് മുന്‍ഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്,” എറിക്ക കൂട്ടിച്ചേർത്തു. 51 ലക്ഷം മാത്രം ജനസംഖ്യയുള്ള ന്യൂസിലന്‍ഡില്‍ കോവിഡിന് ശേഷം കുടിയേറ്റം വർധിച്ചതായാണ് കണക്കുകള്‍. ഇത് പണപ്പെരുപ്പത്തിന് കാരണമാകുമോയെന്ന ആശങ്ക കഴിഞ്ഞ വർഷം മുതല്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. പുതിയ മാറ്റങ്ങള്‍ കുടിയേറ്റക്കാർ ചൂഷണത്തിന് ഇരയാകാനുള്ള സാധ്യത കുറയ്ക്കുമെന്നും എറിക്ക അവകാശപ്പെടുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ പബ്ലിക്ക് സർവ്വീസ് കമ്മീഷന്‍ എഇഡബ്ല്യുവിയുടെ റിവ്യൂ പുറത്തുവിട്ടിരുന്നു. മുന്‍ ഇമിഗ്രേഷന്‍ മന്ത്രി ആന്‍ഡ്രു ലിറ്റിലിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. ചെറിയ വിഭാഗം തൊഴിലുടമകള്‍ ന്യൂസിലന്‍ഡിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി കമ്മീഷന്‍ കണ്ടെത്തി. ഇംഗ്ലീഷ് ഭാഷ പരിചയം നിർബന്ധിതമാക്കുന്നതോടുകൂടി തങ്ങളുടെ അവകാശങ്ങള്‍ തിരിച്ചറിയാന്‍ ഇത്തരക്കാർക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*