ഷാർജ (യുഎഇ): വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്താണ് ന്യൂസിലാന്‍ഡ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ന്യൂസിലാന്‍ഡിന്‍റെ128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കരീബിയൻ ടീം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 120 റണ്‍സാണ് നേടിയത്.
ഈഡൻ കാഴ്‌സന്‍റെ പിന്തുണയോടെ 12 വിക്കറ്റുകളുമായി അമേലിയ കെർ ന്യൂസിലൻഡിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഫൈനലിന് മുന്നോടിയായി ക്യാപ്റ്റൻ സോഫി ഡിവിന് മികച്ച ആത്മവിശ്വാസമാണ് സമ്മാനിച്ചത്. ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ഇതുവരെ ഏകദിന, ടി20 ലോകകപ്പ് നേടിയിട്ടില്ല. ഇരുടീമുകളും ആദ്യമായി കിരീടം നേടാനുള്ള പരിശ്രമത്തിലാണ്. ന്യൂസിലൻഡ് 14 വർഷത്തിന് ശേഷമാണ് ഫൈനലിലെത്തുന്നത്. 2009, 2010 പതിപ്പുകളിൽ ടീം റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്‌തു.
ഓസ്‌ട്രേലിയയെ സെമിഫെനലില്‍ കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് വനിതകള്‍ 20 ഓവറില്‍ അഞ്ചിന് 134 റണ്‍സായിരുന്നു സ്വന്തമാക്കിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 17.2 ഓവറില്‍ രണ്ട് വിക്കറ്റിന് 135 റണ്‍സെടുത്താണ് വിജയം നേടിയത്.
2009നുശേഷം നടന്ന ഏഴ് വനിതാ ടി20 ലോകകപ്പുകളില്‍ ആറെണ്ണത്തിലും ചാമ്പ്യന്മാരായത് ഓസീസ് പടയാണ്.ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്‌നങ്ങൾ കാരണം യുഎഇയിലേക്ക് മാറിയ ടൂർണമെന്‍റിന് നാളെ ആവേശകരമായ പരിസമാപ്‌തിയാകും. വൈകിട്ട് 7.30ന് ആണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യൻ പ്രേക്ഷകർക്ക് സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ മത്സരം തത്സമയം കാണാം. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും കാണാവുന്നതാണ്.
Be the first to comment