കെഎല്‍ രാഹുലും മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും പുറത്ത്, ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റം; ടോസ് ന്യൂസിലൻഡിന്

പുനെ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റവുമായാണ് ഇന്ത്യ ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും വാഷിങ്ടണ്‍ സുന്ദറും ആകാശ് ദീപും ടീമില്‍ ഇടംനേടി. കഴിഞ്ഞ മത്സരത്തില്‍ ടീമില്‍ ഉണ്ടായിരുന്ന കെ എല്‍ രാഹുലും മുഹമ്മദ് സിറാജും കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് പകരമാണ് ഇവരെ ടീമില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഇന്നിങ്സിലും കെ എല്‍ രാഹുല്‍ പരാജയമായിരുന്നു.

ബംഗലൂരുവില്‍ നടന്ന ആദ്യ ടെസ്റ്റിലേറ്റ തോല്‍വിക്ക് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നത്. സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചാണ് പൂനെയില്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം. ആദ്യത്തെ രണ്ടു ദിവസം ബാറ്റിങ്ങിനും അടുത്ത മൂന്നു ദിവസം സ്പിന്നര്‍മാര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മൂന്നു മത്സര പരമ്പരയില്‍ ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ജയിച്ച് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ലീഡ് ഉയര്‍ത്തുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ന്യൂസിലന്‍ഡ് ടീമില്‍ മാറ്റ് ഹെന്‍ട്രിക്ക് പകരം മിച്ചല്‍ സാന്റ്‌നര്‍ കളിക്കും. ന്യൂസിലന്‍ഡ് ടീമില്‍ പരിക്കേറ്റ മുതിര്‍ന്ന താരം കെയ്ന്‍ വില്യംസണ്‍ രണ്ടാം ടെസ്റ്റിലും കളിക്കില്ല. ഈ ടെസ്റ്റ് കൂടി വിജയിക്കാനായാല്‍, ഇന്ത്യയില്‍ കന്നി ടെസ്റ്റ് പരമ്പര വിജയം നേടാന്‍ കിവികള്‍ക്കാകും.

Be the first to comment

Leave a Reply

Your email address will not be published.


*