
ലണ്ടൻ പടിഞ്ഞാറൻ ലണ്ടനിലെ ഓൾ സെയിന്റ്സ് ചർച്ചിന് സമീപം ബാഗിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. നോട്ടിങ് ഹിൽ പോവിസ് ഗാർഡനിൽ സ്‌ഥിതി ചെയ്യുന്ന ചർച്ചിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:46 ന് ബാഗിനുള്ളിൽ ശിശുവിനെ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്.
അടിയന്തര സഹായത്തിനായി ആംബുലൻസ് സർവീസ് എത്തിയെങ്കിലും ശിശു മരിച്ചനിലയിലായിരുന്നു. നവജാത ശിശുവിന്റെ അമ്മയെ കണ്ടെത്താൻ അടിയന്തര അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. ശിശുവിന്റെ കൃത്യമായ പ്രായം, ലിംഗനിർണയം എന്നിവ സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇത് വളരെ സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമായ കാര്യമാണെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു വരികയാണെന്നും മെറ്റ് പൊലീസ് സൂപ്രണ്ട് ഓവൻ റെനോവ്ഡൻ പറഞ്ഞു. ശിശുവിന്റെ അമ്മയെ കണ്ടെത്തുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിശുവിന്റെ അമ്മയെക്കുറിച്ച് കടുത്ത ആശങ്കയുണ്ട്. ഈ റിപ്പോർട്ട് വായിക്കുന്ന ആരെങ്കിലും മരിച്ച ശിശുവിൻ്റെ അമ്മയാണെങ്കിൽ ഉടൻതന്നെ പോലീസിന്റെയോ ആരോഗ്യവിദഗ്‌ധരുടെയോ മുന്നിൽ വരണം’ എന്ന് മെറ്റ് പൊലീസ് പൊതുഇടങ്ങളിൽ അഭ്യർഥിച്ചു. ശിശുവിനെ പ്രസവിച്ച സ്ത്രീക്ക് വൈദ്യസഹായവും പിന്തുണയും ആവശ്യമാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ CAD 3431/25 MARCH എന്ന റഫറൻസ് നൽകി 101 എന്ന നമ്പറിൽ അറിയിക്കണമെന്ന് മെറ്റ് പോലീസ് അഭ്യർഥിച്ചിട്ടുണ്ട്.
Be the first to comment